
ബംഗളൂരു: നിയന്ത്രണം വിട്ട സ്‌കോഡ കാർ ഡിവൈഡർ മറികടന്ന് റെസ്റ്റോറന്റിലേക്ക് ഇടിച്ചുകയറി. ഇന്നലെ രാത്രി 11:35ന് ബംഗളൂരുവിലെ ഇന്ദിരാനഗറിലാണ് സംഭവം. 42കാരനായ ഡെറിക് ടോണിയാണ് കാർ ഓടിച്ചിരുന്നത്. അമിതവേഗതയിലെത്തിയ കാർ ഹോട്ടലിന് മുന്നിൽ നിന്നിരുന്ന ആൾക്കുട്ടത്തിന് അടുത്തുകൂടി റെസ്റ്റോറന്റിന്റെ മതിലിൽ ഇടിച്ചുനിൽക്കുകയായിരുന്നു. മദ്യലഹരിയിലിൽ കാർ ഓടിച്ച ഡെറിക്കിന് നിയന്ത്രണം നഷ്ടമാവുകയും ഹോട്ടലിന്റെ ഭിത്തിയിലേക്ക് ഇടിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അപകടത്തിന്റെ ഭീകരത വ്യക്തമായത്.
മെയിൻ റോഡിൽ നിന്നും വരികയായിരുന്ന സ്‌കോഡ ഇടത്തോട്ട് തിരിയേണ്ടിടത്ത് ഡ്രൈവർ മദ്യലഹരിയിലായതിനാൽ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. നേരെ ഡിവൈഡറിലേക്ക് ഇടിച്ച് ഇരുചക്ര വാഹനത്തെയും തട്ടിതെറിപ്പിച്ച ശേഷം ബാർബിക്യൂ നേഷൻ എന്ന റെസ്റ്റോറന്റിന്റെ മതിലിലേക്ക് ഇടിച്ചുകയറി.
ഭക്ഷണം കഴിച്ച് ഹോട്ടിലിന് പുറത്തു നിന്നിരുന്ന ആളുകളുടെ തൊട്ടടുത്തുകൂടിയാണ് കാർ പാഞ്ഞുപോയത്. സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് വലിയൊരു ദുരന്തം ഒഴിവായതെന്ന് ദൃസാക്ഷികൾ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെസ്റ്റോറന്റിന്റെ ഭിത്തി തകർന്നു. മതിലിൽ ഇടിച്ചു നിന്നതിനാൽ കൂടുതൽ അപകടം ഒഴിവായി. ഡ്രൈവർ മദ്യപിച്ചതാണ് അപകട കാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ട്രാഫിക് പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |