
ടെഹ്‌റാൻ: ഭരണകൂട വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ഇറാനിൽ സ്ഥിതിഗതികൾ വഷളാകുന്നു. തലസ്ഥാനമായ ടെഹ്റാനിലടക്കം രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു. പ്രക്ഷോഭകരെ രൂക്ഷമായി വിമർശിച്ച് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയും രംഗത്തെത്തി.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രീതി നേടാൻ ശ്രമിക്കുന്ന ഒരുകൂട്ടം അക്രമികൾ എന്നാണ് ഖമനേയി പ്രതിഷേധക്കാരെ വിശേഷിപ്പിച്ചത്. ആർക്കും മുന്നിൽ മുട്ടുകുത്തില്ലെന്നും ശക്തമായി നേരിടുമെന്നും പറഞ്ഞു. പ്രതിഷേധക്കാരെ ഇറാൻ കൊല്ലുന്നത് തുടർന്നാൽ യു.എസ് ഇടപെടുമെന്ന് ട്രംപ് ആവർത്തിച്ചിരുന്നു.
അതേ സമയം, ഇറാന്റെയുള്ളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നതിന് വിലക്കുള്ളതിനാൽ, സോഷ്യൽ മീഡിയയിൽ നിന്നും രാജ്യത്തെ ഉറവിടങ്ങളിൽ നിന്നുമുള്ള വിവരങ്ങളെയാണ് പല അന്താരാഷ്ട്ര മാദ്ധ്യമങ്ങളും ആശ്രയിക്കുന്നത്. ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടതോടെ ഇറാനിയൻ ജനത പുറംലോകവുമായി ഏറെക്കുറേ ഒറ്റപ്പെട്ട നിലയിലായി. വിലക്കയറ്റത്തിന്റെയും റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞതിന്റെയും പശ്ചാത്തലത്തിൽ ഡിസംബർ 28നാണ് രാജ്യത്ത് പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. വൈകാതെ ഭരണകൂട വിരുദ്ധ പ്രക്ഷോഭമായി മാറി.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിലെ സമാധാനപരമായ പ്രതിഷേധങ്ങളെ അംഗീകരിക്കുന്നെന്നും സർക്കാരിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്നും പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ സമ്മതിക്കുന്നു. എന്നാൽ ഇതിന്റെ പേരിൽ തുടരുന്ന അക്രമങ്ങളെ ന്യായീകരിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
# ഖമനേയിയെ പുറത്താക്കൂ...
ഖമനേയിയുടെ ഭരണം അവസാനിപ്പിച്ച് കിരീടാവകാശി റെസ പഹ്‌ലവിയെ രാജ്യത്ത് തിരിച്ചെത്തിക്കണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെടുന്നു. ഇറാന്റെ അവസാന ഷാ ആയ മുഹമ്മദ് റെസ പഹ്‌ലവിയുടെ മകനായ റെസ നിലവിൽ യു.എസിലാണ്.
ഖമനേയിയുടെ സ്വേച്ഛാധിപത്യ ഭരണം അവസാനിപ്പിക്കാൻ ജനം തെരുവിലിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. രാജ്യത്തെ തകർക്കാനുള്ള വിദേശ ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് ഇറാൻ ആരോപിക്കുന്നു. അതേ സമയം, റെസയ്ക്കും വിദേശത്തുള്ള മറ്റ് പ്രതിപക്ഷ ഗ്രൂപ്പുകൾക്കും ഇറാനിൽ എത്രത്തോളം പിന്തുണയുണ്ടെന്നത് തർക്ക വിഷയമാണ്.
ജനങ്ങൾ മുമ്പത്തേക്കാൾ ധൈര്യശാലികളാണെന്നും പകൽവെളിച്ചത്തിൽ ഭരണകൂടത്തിനെതിരെ ഉറക്കെ സംസാരിക്കാൻ മടിയില്ലെന്നുമാണ് രാജ്യത്തെ യുവജനങ്ങളുടെ പ്രതികരണം.
# വ്യാപക നാശം
കെട്ടിടങ്ങളും വാഹനങ്ങളും ബാങ്കുകൾ അടക്കം സർക്കാർ ഓഫീസുകളും തീയിടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്
റാഷ്ട്ടിലെ ഷരിയാത്തി സ്ട്രീറ്റിലെ കടകൾക്ക് തീവച്ചു
പൊലീസ് പ്രതിഷേധക്കാർക്ക് നേരെ വെടിവയ്ക്കുന്നെന്ന് ആരോപണം
ഹിജാബ് വിരുദ്ധ പ്രക്ഷോഭം അടക്കം മുമ്പ് ഇറാനിലുണ്ടായ രാഷ്ട്രീയ, സാമ്പത്തിക, മനുഷ്യാവകാശ പ്രതിഷേധങ്ങളുടെയത്ര തീവ്രത കൈവരിച്ചിട്ടില്ലെന്ന് നിഗമനം
ദുബായ്‌യ്ക്കും ഇറാനും ഇടയിലെ 17 ഫ്ലൈറ്റുകൾ റദ്ദാക്കി
# മരണം - 45
അറസ്റ്റ് - 2,270
(ഡിസം. 28 മുതലുള്ള കണക്ക്)
# അഹങ്കാരത്തോടെ ലോകത്തെ മുഴുവൻ വിധിക്കുന്ന അയാൾ (ട്രംപ്) അറിയണം. അഹങ്കാരത്തിന്റെ കൊടുമുടിയിലിരിക്കെ അട്ടിമറിക്കപ്പെട്ട സ്വേച്ഛാധിപതികളെ പോലെ, അയാളും പുറത്താക്കപ്പെടും.
- അയത്തൊള്ള അലി ഖമനേയി,
പരമോന്നത നേതാവ്, ഇറാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |