ടോസിൽ ഇന്ത്യൻ വനിതകൾ ജയിച്ചു,
കാണികൾ പ്രതിഷേധിച്ചപ്പോൾ ബംഗ്ലാദേശും
ധാക്ക: സാഫ് കപ്പ് അണ്ടർ 19 വനിതാ ഫുട്ബാൾ ടൂർണമെന്റ് ഫൈനലിൽ നാടകീയ സംഭവങ്ങൾക്കൊടുവിൽ കിരീടം പങ്കിട്ട് ഇന്ത്യയും ബംഗ്ലാദേശും.
ടോസിലൂടെ ഇന്ത്യൻ ടീം വിജയിച്ചതായി പ്രഖ്യാപനമുണ്ടായെങ്കിലും കാണികൾ കുപ്പികളും മറ്റും ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചതോടെ ബംഗ്ലാദേശിനേയും സംയുക്ത വിജയിയായി പ്രഖ്യാപിച്ച് സംഘാടകർ തടിതപ്പുകയായിരുന്നു. മത്സരത്തിന്റെ എട്ടാം മിനട്ടിൽ തന്നെ സിബാനി ദേവിയിലൂടെ ഇന്ത്യ ലീഡ് നേടിയിരുന്നു. എന്നാൽ നിശ്ചിത സമയം അവസാനിക്കാറാകവെ രണ്ടാം പകുതിയുടെ അധിക സമയത്ത് ബംഗ്ലാദേശ് സമനില പിടിക്കുകയായിരുന്നു. എക്സ്ട്രാടൈം ഇല്ലാതിരുന്നതിനാൽ നേരെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോയി. ഷൂട്ടൗട്ടിലും സഡൻഡെത്തിലും കിക്കെടുത്ത ഗോളിമാർ ഉൾപ്പെടെ ഇരുടീമിലേയും പതിനൊന്ന് പേരും ഗോളാക്കി ഒപ്പത്തിനൊപ്പം നിന്നു. തുടർന്ന് റഫറി ഇന്ത്യൻ ക്യാപ്ടൻ നിതു ലിൻഡയേയും ബംഗ്ലാദേശ് ക്യാപ്ടൻ അഫെയ്ദ കൻഡാക്കറെയും ടോസിനായി ക്ഷണിച്ചു. ടോസ് ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു. പിന്നാലെ ഇന്ത്യ ചാമ്പ്യൻമാരായതായി പ്രഖ്യാപനവും വന്നു. ഇന്ത്യൻ ടീം വിക്ടറി ലാപ്പ് നടത്തുന്നതിനിടെ കാണികൾ ഗ്രൗണ്ടിലേക്ക് കുപ്പിയും മറ്റും വലിച്ചെറിഞ്ഞ് വലിയ സംഘർഷമുണ്ടാക്കുകയായിരുന്നു. ഇതോടെ ഇരുടീമിനേയും സംയുക്തവിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |