ആകാരത്തിലും ശബ്ദത്തിലും ഘനഗംഭീരനായിരുന്നെങ്കിലും ഹൃദയത്തിനുള്ളിൽ ഫുട്ബാളിന് അത്രമേൽ ഇടം നൽകിയ ശുദ്ധ നാട്ടിൻ പുറത്തുകാരനായിരുന്നു ഇന്നലെ അന്തരിച്ച പ്രമുഖ ഫുട്ബാൾ പരിശീലകൻ ടി.കെ ചാത്തുണ്ണി. മോഹൻ ബഗാനും സാൽഗോക്കറും ഡെംപോയും എഫ്.സി കൊച്ചിനുമടക്കം ഇന്ത്യയിലെ എണ്ണം പറഞ്ഞ ക്ളബുകളെയൊക്കെ പരിശീലിപ്പിച്ച തന്ത്രശാലി. ഫുട്ബാൾ ഒരു കളിക്കപ്പുറത്ത് ജ്വരമായ കൊൽക്കത്തയിലെയും ഗോവയിലെയും മൈതാനങ്ങളിൽ തിങ്ങി നിറഞ്ഞ ഗാലറികളെ ആവേശത്തിലാക്കി തന്റെ ശിഷ്യരെ വിജയത്തിലേക്ക് പായാൻ പഠിപ്പിച്ച പുലി. സ്വന്തം കളിക്കാരെ ഗർജനത്തോളം പോരുന്ന ശാസനകൊണ്ട് തിരുത്താനും ബലിഷ്ഠമായ കരങ്ങൾകൊണ്ട് ചേർത്തണച്ച് ആശ്വസിപ്പിക്കാനും ചാത്തുണ്ണി സാറിന് കഴിഞ്ഞിരുന്നു. ഫുട്ബാളിനോടുള്ള തീരാപ്രണയത്തിനൊപ്പം ചാലക്കുടിയിലെ സാധാരണക്കാരന്റെ വികാര വിക്ഷോഭങ്ങളും ചാത്തുണ്ണി സാർ എക്കാലവും ചങ്കിനകത്ത് കാത്തുസൂക്ഷിച്ചു.
ശ്രീനാരായണ ഗുരുദേവനിൽ അടിയുറച്ച് വിശ്വസിച്ചിരുന്ന ചാലക്കുടി തുമ്പരത്തിയിൽ കണ്ടുണ്ണിയുടെയും പാർവതിയുടെയും മകൻ ചാത്തുണ്ണി ചാലക്കുടി സ്‌കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഫുട്ബാൾ കളി തുടങ്ങിയത്. സ്കൂൾ ടീമിൽ അംഗമായിരുന്നു. കൗമാരം വിടുമ്പോഴേയ്ക്കും തൃശൂരിൽ നടന്ന ഇ.എം.ഇ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പട്ടാളടീമിലൂടെയാണ് ചാത്തുണ്ണിയെന്ന ഫുട്ബാളർ വളർന്നു. സന്തോഷ് ട്രോഫിയിൽ സർവീസസ്, ഗോവ, മഹാരാഷ്ട്ര ടീമുകൾക്കായി ബൂട്ടുകെട്ടി. 1970ൽ സൈന്യത്തിൽ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം പരിശീലന വഴിയിലേക്ക് തിരിഞ്ഞു. കേരള പൊലീസ്, മോഹൻ ബഗാൻ, ചർച്ചിൽ ഗോവ, സാൽഗോക്കർ, ഡെംപോ ഗോവ, എഫ്.സി കൊച്ചിൻ, വിവ കേരള, ഗോൾഡൻ ത്രെഡ്‌സ്, ജോസ്‌കോ എഫ്.സി, വിവ ചെന്നൈ തുടങ്ങിയ ടീമുകളെയൊക്കെ പരിശീലിപ്പിച്ചു. 1990ലെ ഫെഡറേഷൻ കപ്പിൽ കേരള പൊലീസിനെ ജേതാക്കളാക്കിയത് വഴിത്തിരിവായി.കേരളത്തിന് പുറത്ത് ഏറ്റവുംകൂടുതൽ ആവശ്യക്കാരുള്ള കോച്ചായി ചാത്തുണ്ണി മാറി. ഐ.എം വിജയൻ, വി.പി സത്യൻ, പാപ്പച്ചൻ, ജോ പോൾ അഞ്ചേരി തുടങ്ങിയ വലിയ ശിഷ്യസമ്പത്തിനുടമയായി.
കളിക്കാർക്ക് സ്നേഹം നൽകാനും കൂടെ നിറുത്താനും ഒരു മടിയുമില്ലാത്ത ചാത്തുണ്ണി സാറിന് തെറ്റുകണ്ടാൽ കണ്ണുപൊട്ടുന്ന വഴക്കുപറയാനും ഒരു മടിയുമില്ലായിരുന്നുവെന്ന് ഐ.എം വിജയൻ പറയാറുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് മുന്നിൽ കുഴപ്പങ്ങളൊന്നുമുണ്ടാക്കാതിരിക്കാൻ ശിഷ്യർ ശ്രദ്ധിക്കും. കുറച്ചുനാൾ മുമ്പ് തന്റെ പ്രിയ ശിഷ്യൻ ധൻരാജ് കളിക്കളത്തിൽ കുഴഞ്ഞുവീണ് മരിച്ചപ്പോൾ ആ കുടുംബത്തിന് കൈത്താങ്ങാകാൻ തന്റെ ശിഷ്യരെക്കൂട്ടി ചാരിറ്റി മാച്ച് നടത്താൻ മുന്നിട്ടിറങ്ങിയത് ചാത്തുണ്ണി സാറായിരുന്നവെന്ന് മറ്റൊരു ശിഷ്യൻ ഡെൻസൺ ദേവ്‌ദാസ് ഓർക്കുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി അവസാനമായി അദ്ദേഹത്തെയൊന്ന് കാണാൻ കഴിഞ്ഞതിൽ ആശ്വാസം കണ്ടെത്തുകയാണ് ഇപ്പോൾ കൊൽക്കത്തയിലുള്ള ഡെൻസൺ.
വലിയ വലിയ ക്ളബുകളെ പരിശീലിപ്പിച്ച ശേഷം ചെറിയ ക്ളബുകളിലേക്ക് മാറിയപ്പോഴും ഒരു വ്യത്യാസവുമില്ലാതെ സന്തോഷത്തോടെ ജോലി നോക്കിയ കോച്ചാണ് ചാത്തുണ്ണി. എവിടെയായാലും ഫുട്ബാൾ കളിക്കുകയോ കളിപ്പിക്കുകയോ ചെയ്താൽ മതിയായിരുന്നു അദ്ദേഹത്തിന്. സ്കൂൾ കുട്ടിയായാലും ഐ.എം വിജയനായാലും ശിഷ്യരെല്ലാം ഒന്നുപോലെ. ചാലക്കുടിയിലെ സ്കൂൾ ഗ്രൗണ്ട് റോഡിന് വേണ്ടി എടുത്തപ്പോൾ പുതിയ ഗ്രൗണ്ടിന് വേണ്ടി റോഡരികിൽ സത്യാഗ്രഹമിരിക്കാനും അദ്ദേഹം തയ്യാറായി. ഈ ലേഖകനുമായുള്ള സംഭാഷണങ്ങൾ മിക്കവാറും നമ്മുടെ കായിക രംഗത്തെ കുത്തഴിഞ്ഞ സംവിധാനങ്ങളെയും അഴിമതിയേയും പറ്റിയായിരുന്നു. കേരളത്തിൽ നിന്ന് ഇന്ത്യൻ ടീമിലേക്ക് മികച്ച കുട്ടികളെ കണ്ടെത്താൻ മരിക്കുന്നതുവരെ താനുണ്ടാകുമെന്ന് എപ്പോഴും പറഞ്ഞിരുന്നു.
ഈ ഭൂമിയുടെ സ്പന്ദനം ഫുട്ബാളിലാണ് എന്ന് വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ ബോൾഭവൻ എന്ന് പേരിട്ട ചാലക്കുടിയിലെ വീട്ടിൽ എല്ലാം പന്തുമയമാണ് . വീടിന്റെ ഗേറ്റിലും ജനലയിലും ഇരുമ്പ് പന്തുകൾ. അലങ്കാരവസ്തുക്കളായും ചായ ഗ്ലാസായുമെല്ലാം പന്ത് കാണാം. സ്വീകരണ മുറിയിൽ റൊണാൾഡോയും റൊണാൾഡീഞ്ഞോയും പെലെയും മെസിയും. ഒരിക്കൽ ഒരു സന്ദർശനവേളയിൽ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് - "" ഞാൻ മരിക്കുമ്പോൾ ആരും റീത്തും പൂക്കളുമായി വരരുത്. ഓരോ ഫുട്ബാളുമായി വന്നാൽ മതി. ആ പന്തുകൾ കുട്ടികൾക്ക് കളിക്കാനായി കൊടുക്കാമല്ലോ""- എന്നാണ്. ശരീരത്തെ രോഗം കീഴടക്കിയപ്പോഴും മനസിൽ ഫുട്ബാളിനോടുള്ള പ്രണയം കാത്തുസൂക്ഷിച്ച ടി.കെ ചാത്തുണ്ണിയെന്ന അതികായൻ വിട വാങ്ങിയിരിക്കുന്നു. കേരള ഫുട്ബാളിലെ വിവിധ തലമുറകൾക്ക് പ്രചോദനം പകരുന്ന നിരവധി ഓർമ്മകൾ ബാക്കിയാവുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |