ന്യൂഡൽഹി : കഴിഞ്ഞ ദിവസം ഖത്തറിനെതിരെ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് ഫുട്ബാൾ മത്സരത്തിൽ ലൈനിന് പുറത്തേക്കുപോയ പന്ത് പിടിച്ചെടുത്ത് ഖത്തർ അടിച്ച ഗോൾ റഫറി അനുവദിച്ചതിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ഫിഫയ്ക്കും ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനും പരാതി നൽകി. ദക്ഷിണ കൊറിയൻ റഫറി കിം വൂ സുംഗ് ആണ് വിവാദ ഗോൾ അനുവദിച്ചത്.
ദോഹയിൽ നടന്ന മത്സരത്തിന്റെ 37-ാം മിനിട്ടിൽ ലാലിയൻ സുവാല ചാംഗ്തെ നേടിയ ഗോളിന് മുന്നിലായിരുന്ന ഇന്ത്യയെ 73-ാം മിനിട്ടിലാണ് വിവാദ ഗോളിലൂടെ ഖത്തർ സമനിലയിൽ പിടിച്ചത്. ഖത്തറിന്റെ ഒരു മുന്നേറ്റം ഗോൾ പോസ്റ്റിന് വലതുവശത്ത് ഇന്ത്യൻ ക്യാപ്ടനും ഗോളിയുമായ ഗുർവീന്ദർ സന്ധുവിനെ കടന്ന് ലൈനിന് പുറത്തേക്ക് പോയി. ഡൈവ് ചെയ്ത് പന്തിന് പുറംതിരിഞ്ഞ് ഇരിക്കുകയായിരുന്ന സന്ധുവിന്റെ പിന്നിലേക്ക് കാൽനീട്ടി ഖത്തറിന്റെ അൽ ഹാഷിം അൽ ഹുസൈൻ പുറത്തുനിന്ന് വലിച്ചെടുത്ത് അകത്തേക്ക് നൽകിയ പന്ത് യൂസുഫ് അയ്മൻ വലയിലേക്ക് അടിച്ചുകയറ്റിയപ്പോൾ റഫറി ഗോൾ വിധിക്കുകയായിരുന്നു. ഇന്ത്യൻ താരങ്ങൾ റഫറിയോട് തർക്കിച്ചെങ്കിലും തീരുമാനത്തിൽ ഉറച്ചുനിന്ന റഫറി വഴങ്ങിയില്ല. ഇതോടെ ആകെ തളർന്നുപോയ ഇന്ത്യയ്ക്കെതിരെ ഒരു ഗോൾകൂടി നേടി ഖത്തർ 2-1ന് വിജയിക്കുകയായിരുന്നു. ഈ മത്സരം ജയിച്ചിരുന്നെങ്കിൽ ആദ്യമായി ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലെത്താനാകുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |