ന്യൂസിലാൻഡിനെ 13 റൺസിന് തോൽപ്പിച്ച് വിൻഡീസ് സൂപ്പർ എട്ടിൽ
തുടർച്ചയായ രണ്ടാം തോൽവിയോടെ കിവീസിന്റെ സാദ്ധ്യത തുലാസിൽ
ടറൗബ: തങ്ങളുടെ മണ്ണിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ തുടർച്ചയായ മൂന്നാം വിജയത്തോടെ സൂപ്പർ എട്ടിലേക്ക് കടന്ന് വെസ്റ്റിൻഡീസ്. കഴിഞ്ഞ രാത്രി 13 റൺസിന് വെസ്റ്റിൻഡീസിനോട് തോറ്റ ന്യൂസിലാൻഡിന്റെ സൂപ്പർ എട്ട് സാദ്ധ്യതകൾ തുലാസിലാവുകയും ചെയ്തു. തുടർച്ചയായ രണ്ടാം തോൽവിയാണ് കിവികൾ നേരിട്ടത്.ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് 84 റൺസിന് ന്യൂസിലാൻഡ് തോറ്റിരുന്നു.
ടറൗബയിൽ ആദ്യം ബാറ്റ്ചെയ്ത വിൻഡീസ് 20 ഓവറിൽ 149/9 എന്ന സ്കോർ ഉയർത്തിയശേഷം കിവീസിനെ 136/9ൽ ഒതുക്കുകയായിരുന്നു. ആറാമനായിറങ്ങി 39 പന്തുകളിൽ രണ്ട് ഫോറുകളും ആറ് സിക്സുകളുമടക്കം 68 റൺസെടുത്ത ഷെർഫെയ്ൻ റുതർഫോഡും നാലോവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത അൽസാരി ജോസഫും നാലോവറിൽ 25 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഗുഡകേശ് മോട്ടിയുമാണ് വിൻഡീസിന്റെ വിജയശിൽപികൾ. 33 പന്തിൽ 40 റൺസെടുത്ത ഗ്ലെൻ ഫിലിപ്‌സ് മാത്രമാണ് കിവീസ് ബാറ്റിംഗിൽ അൽപമെങ്കിലും ചെറുത്തുനിന്നത്. ഫിൻ അലെൻ 26 റൺസെടുത്തപ്പോൾ 21 റൺസോടെ മിച്ചൽ സാന്റ്‌നർ പുറത്താകാതെ നിന്നു. ക്യാപ്ടൻ കെയ്ൻ വില്ല്യംസൺ ഒരു റണ്ണിനും കോൺവേ അഞ്ച് റൺസിനും രചിൻ രവീന്ദ്ര 10 റൺസിനും പുറത്തായി. റുതർഫോഡാണ് മാൻ ഒഫ് ദ മാച്ച്.
കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച വിൻഡീസ് ഗ്രൂപ്പ് സിയിൽ ആറു പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ന്യൂസിലാൻഡ് അവസാന സ്ഥാനത്തും. കിവീസ് നാളെ ഉഗാണ്ടയേയും തിങ്കളാഴ്ച പാപ്പുവ ന്യൂഗിനയയേയും നേരിടും. ഈ രണ്ട് മത്സരങ്ങളും മികച്ച മാർജിനിൽ ജയിച്ചാലും ചൊവ്വാഴ്ച വിൻഡീസും അഫ്ഗാനും തമ്മിലുള്ള മത്സരത്തിന്റെ ഫലം അനുസരിച്ചാകും കിവീസിന്റെ സൂപ്പർ എട്ട് പ്രവേശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |