സ്കൂൾ ഫുട്ബാൾ ടീമിൽ അംഗമായിരുന്ന സരബ്ജോത് സിംഗ് എന്ന ഹരിയാനക്കാരൻ പയ്യനെ ഒളിമ്പിക്സിലെ ഷൂട്ടിംഗ് വെങ്കലമെഡലിസ്റ്റാക്കി മാറ്റിയത് ഒരു കാഴ്ചയാണ്. അംബാലയിലെ ഭഗീരഥ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന സരബ്ജോത് ഒരു വേനലവധിക്ക് താത്കാലികമായി ഒരുക്കിയ ഷൂട്ടിംഗ് റേഞ്ചിൽ കുറച്ചുകുട്ടികൾ ഷൂട്ടിംഗ് പരിശീലനം നടത്തുന്നത് കണ്ടു. ഒരു സമ്മർ ക്യാമ്പായിരുന്നു അത്. തോക്കുകൊണ്ട് വെടിവെയ്ക്കാൻ തനിക്കും പറ്റിയിരുന്നെങ്കിൽ എന്ന് ആ 13കാരന്റെ മനസിൽ അന്നുതോന്നിയ മോഹമാണ് ഇന്നത്തെ നേട്ടങ്ങളിലേക്കുള്ള വിത്തുപാകിയത്.
പക്ഷേ ആ പയ്യന്റെ മോഹം അത്ര പെട്ടെന്നൊന്നും നടന്നില്ല. തനിക്ക് ഷൂട്ടിംഗ് പഠിക്കണമെന്ന ആഗ്രഹം സരബ്ജോത് വീട്ടിൽ പറഞ്ഞപ്പോൾ തന്നെ അച്ഛൻ ജതീന്ദർ സിംഗ് നിരുത്സാഹപ്പെടുത്തി. കർഷകരായ നമ്മളെക്കൊണ്ട് താങ്ങുന്നതല്ല ഷൂട്ടിംഗ് പഠിക്കാൻ പോകാനുള്ള ചെലവെന്ന് മകനെ പറഞ്ഞ് മനസിലാക്കാൻ പക്ഷേ ജതീന്ദറിന് കഴിഞ്ഞില്ല. താൻ പിടിച്ച ഇടത്തുതന്നെ പയ്യൻ നിന്നു. താനിനി ഫുട്ബാൾ കളിക്കുന്നില്ല. എന്തെങ്കിലും ഗെയിമിന് പോകുന്നെങ്കിൽ അത് ഷൂട്ടിംഗിനായിരിക്കും... സരബ്ജോതിന്റെ അടുത്ത കൂട്ടുകാരൻ ആദിത്യ മൽറയും ഈ ആഗ്രഹത്തിന് ശുപാർശക്കാരനായി. ദിവസങ്ങളോളം മകൻ ഈ വാശിയിൽ മുറുകിയപ്പോൾ അച്ഛൻ അയഞ്ഞു. അങ്ങനെ കുറച്ച് കാശ് സംഘടിപ്പിച്ച് അംബാലയിലുള്ള എ.ആർ ഷൂട്ടിംഗ് അക്കാഡമിയിൽ കൊണ്ടുപോയി ചേർത്തു.
ആദ്യ ദിവസങ്ങളിൽ തോക്ക് നേരേ പിടിക്കാൻ പോലും പാടുപെട്ടു. പക്ഷേ സരബ്ജോത് വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഫുട്ബാളും കളഞ്ഞ് വീട്ടിൽ വഴക്കിട്ട് കിട്ടിയ ചാൻസാണ്. അതങ്ങനെയങ്ങ് വിട്ടുകൊടുക്കില്ലെന്ന അവന്റെ വാശിയിൽ നിന്നാണ് ഇന്നലെ പാരീസിലെ ഷാറ്ററൂ ഷൂട്ടിംഗ് റേഞ്ചിൽ വെങ്കലത്തിൽ പതിച്ച വെടിയുണ്ട പിറന്നത്. അഭിഷേക് റാണയാണ് സരബ്ജോതിന്റെ പേഴ്സണൽ കോച്ച്.
മെഡലുകളുടെ തോഴൻ
ദേശീയ തലത്തിൽ മികവ് തെളിയിക്കാൻ തുടങ്ങിട്ട് കുറച്ചുവർഷങ്ങൾ മാത്രമേ ആയിട്ടുള്ളെങ്കിലും നിരവധി മെഡലുകളാണ് ഇതിനകം ഈ 22കാരൻ വാരിക്കൂട്ടിയത്. മൂന്ന് ലോകകപ്പ് സ്വർണങ്ങളും രണ്ട് ലോക ചാമ്പ്യൻഷിപ്പ് സ്വർണങ്ങളും ഒരു ജൂനിയർ ലോകകപ്പ് സ്വർണവും ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ രണ്ട് സ്വർണങ്ങളും ഓരോ വെള്ളിയും വെങ്കലവും ഇതിനകം സരബ്ജോതിന്റെ അരമാലയിലെത്തി. ഇതിനൊപ്പമാണ് കഴിഞ്ഞ വർഷം ഹ്വാംഗ്ചോഗ്ചോയിൽ നടന്ന ഏഷ്യൻ ഗെയിംസിലെ ടീമിനത്തിലെ സ്വർണവും മിക്സഡ് ടീമിനത്തിലെ വെള്ളിയുമുണ്ട്. തന്റെ ജന്മദിനത്തിലായിരുന്നു ഹ്വാംഗ്ചോയിലെ വെള്ളി നേട്ടം.
2019
ജർമ്മനിയിൽ നടന്ന ജൂനിയർ ലോകകപ്പിൽ 10 മീറ്റർ എയർ പിസ്റ്റൾ ടീമിനത്തിൽ സ്വർണവും വ്യക്തിഗത ഇനത്തിലും മിക്സഡ് ടീമിനത്തിലും വെള്ളിയും നേടി.
ജർമ്മനിയിൽ തന്നെ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത സ്വർണം.
ദോഹയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഓരോ സ്വർണവും വെങ്കലവും.
2023
ഭോപ്പാലിലും ബാകുവിലും നടന്ന ലോകകപ്പുകളിൽ സ്വർണം.
ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസിൽ സ്വർണവും വെള്ളിയും. മിക്സഡ് ഇനത്തിൽ ടി.എസ് ദിവ്യയ്ക്കൊപ്പമായിരുന്നു വെള്ളി.
ചാംഗ്‌വോണിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലം
2024
പാരീസ് ഒളിമ്പിക്സിൽ മിക്സഡ് പിസ്റ്റളിൽ മനു ഭാക്കറിനൊപ്പം വെങ്കലം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |