മുംബയ് : ഈ ഡിസംബറിൽ ഇന്ത്യയിലെത്തുമെന്ന് സ്ഥിരീകരിച്ച് അർജന്റീനിയൻ നായകൻ ലയണൽ മെസി.ഡിസംബർ 13 മുതൽ 15വരെയാണ് കൊൽക്കത്ത, മുംബയ്,അഹമ്മദാബാദ്, ന്യൂഡൽഹി എന്നീ ഇന്ത്യൻ നഗരങ്ങളിൽ മെസി സന്ദർശനത്തിനെത്തുന്നത്. GOAT ടൂർ ഒഫ് ഇന്ത്യ 2025 എന്നാണ് സന്ദർശന പരിപാടിക്ക് പേരിട്ടിരിക്കുന്നത്. 14 വർഷത്തിന് ശേഷമാണ് മെസി ഇന്ത്യയിലേക്ക് എത്തുന്നത്.
ഇന്ത്യയിലേക്ക് എത്താൻ സാധിക്കുന്നത് വലിയൊരു ആദരമായി കാണുന്നെന്നും ഇന്ത്യ തനിക്കേറെ പ്രിയപ്പെട്ട രാജ്യമാണെന്നും ആദ്യമായി രാജ്യത്തിന്റെ നായകനായി കളിക്കാനിറങ്ങിയ 14 വർഷം മുമ്പുള്ള ഇന്ത്യൻ സന്ദർശനം ഇപ്പോഴും ഓർമ്മയിലുണ്ടെന്നും മെസി പറഞ്ഞു. ഡിസംബർ 13ന് കൊൽക്കത്തയിലാണ് ആദ്യ സ്വീകരണപരിപാടി. സൗരവ് ഗാംഗുലി,ബെയ്ചുംഗ് ബൂട്ടിയ,ലിയാൻഡർ പെയ്സ് തുടങ്ങിയ ഇന്ത്യൻ കായികരംഗത്തെ പ്രമുഖരും മെസിക്കൊപ്പം പങ്കെടുക്കും.
അതേസമയം അടുത്തമാസം രണ്ടാം വാരം അർജന്റീന ടീമിന്റെ അന്താരാഷ്ട്ര മത്സരത്തിനുള്ള വേദിയാകുന്നത് കേരളമാണ്. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |