തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ആതിഥ്യമര്യാദയും പ്രകൃതിഭംഗിയും മനംകുളിർപ്പിക്കുന്നതാണെന്ന് ദക്ഷിണാഫ്രിക്കൻ മുൻ ക്രിക്കറ്റ് താരവും പരിശീലകനുമായ ജോണ്ടി റോഡ്സ്. പത്തു ദിവസത്തെ ആരോഗ്യ പുനരുജ്ജീവന ചികിത്സയ്ക്കായി കേരളത്തിലെത്തിയ അദ്ദേഹം മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി നടത്തിയ ഓൺലൈൻ സംഭാഷണത്തിലാണ് കേരളത്തെ പ്രശംസിച്ചത്.
ആലപ്പുഴയിലെ അർത്തുങ്കൽ ബീച്ചിൽ യുവാക്കൾക്കൊപ്പം ജോണ്ടി റോഡ്സ് ക്രിക്കറ്റ് കളിക്കുന്ന വീഡിയോ വൈറലായിരുന്നു. ആലപ്പുഴയുടെ സൗന്ദര്യത്തിൽ അത്ഭുതപ്പെട്ടതായും അദ്ദേഹം മന്ത്രിയോട് പറഞ്ഞു. ലോക ക്രിക്കറ്റിൽ ഫീൽഡിംഗ് സമവാക്യങ്ങൾ മാറ്റിയെഴുതിയ ജോണ്ടി റോഡ്സിന്റെ കടുത്ത ആരാധകനാണ് താനെന്ന് മന്ത്രി പറഞ്ഞു. അദ്ദേഹത്തിന് ആതിഥേയത്വം വഹിക്കാനായതിൽ അഭിമാനിക്കുന്നു. കേരളത്തിലെ മനോഹരങ്ങളായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് അദ്ദേഹത്തെ വീണ്ടും സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.
ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ സുബൈർ കുട്ടി പി.ഐ, ഡെപ്യൂട്ടി ഡയറക്ടർ ശ്രീകുമാർ.ജി എന്നിവർ ജോണ്ടി റോഡ്സിനെ സന്ദർശിച്ച് ഉപഹാരം സമ്മാനിച്ചിരുന്നു. കുടുംബത്തോടൊപ്പമാണ് അദ്ദേഹം കേരളത്തിലെത്തിയത്. ആലപ്പുഴയ്ക്കടുത്തുള്ള മാരാരിയിലെ ഹൗസ്‌ബോട്ടിലായിരുന്നു താമസം. ഫോർട്ട് കൊച്ചിയിലും സന്ദർശനം നടത്തി. ഫോർട്ട് കൊച്ചിയും ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണും തമ്മിലുള്ള സമാനതകൾ അത്ഭുതപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |