തിരുവനന്തപുരം: വിജയവും പരാജയവും ഇവിടെ മാറിനിൽക്കും. ആവേശത്തോടെ ഉയരുക ചേർത്തുപിടിക്കലിന്റെ മഹത്വം. സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിന്റെ ഏറ്റവും സുന്ദരമായ കായികമത്സരം ഭിന്നശേഷി വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്ന ഇൻക്ലൂസീവ് സ്പോർട്സിന് ഇന്ന് ആഘോഷത്തുടക്കം. പരിമിതികളെ പിന്നിലാക്കി ഇന്ന് 1944 കായിക താരങ്ങൾ ഓടിയും ചാടിയുമെല്ലാം കളം നിറയും. ഇത്തവണ ആൺകുട്ടികൾക്ക് ക്രിക്കറ്റും പെൺകുട്ടികൾക്ക് 'ബോച്ചെ' എന്നറിയപ്പെടുന്ന ബോക്‌സ് ബോളുംകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലാണ് അത്‌ലറ്റിക്സ് .
ബാഡ്മിന്റൺ, ഫുട്‌ബാൾ, ഹാൻഡ്‌ബാൾ എന്നിവയാണ് മറ്റു മത്സരങ്ങൾ. അത്‌ലറ്റിക്‌സിൽ മിക്‌സഡ് റിലേ 4-100, സ്റ്റാൻഡിംഗ് ത്രോ, ലോംഗ്ജമ്പ്, 100 മീറ്റർ ഓട്ടം മത്സരങ്ങളും നടക്കും. ഏറണാകുളത്ത് നിന്നാണ് ഏറ്റവും അധികം താരങ്ങൾ. 154 പേർ. 153 പേരുമായി തൃശൂർ, പാലക്കാട് ജില്ലകളും 151 പോരാളികളുമായി തിരുവനന്തപുരം, കൊല്ലവും പിന്നിലുണ്ട്. പത്തനംതിട്ട (140), ആലപ്പുഴ (113), കോട്ടയം (118), ഇടുക്കി (92),മലപ്പുറം (151), കോഴിക്കോട് (148), വയനാട് (115), കണ്ണൂർ (149), കാസർകോട് 150) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ നിന്നുള്ള ഇൻക്ലൂസീവ് താരങ്ങൾ.
ബോച്ചെ
ഒരു കൈയുപയോഗിച്ച് പന്ത് തട്ടാവുന്ന ഭിന്നശേഷി പെൺകുട്ടികൾക്കുള്ള കളിയാണിത് ബോച്ചെ. നാലുമീറ്റർ വീതിയും 20 മീറ്റർ നീളവുമുള്ളതാണ് കളിസ്ഥലം. ഉരുട്ടിവിടുന്ന ബോൾ എതിർവശത്തുള്ള ബോക്‌സിൽ വീഴും. ഓരോ ബോക്‌സിനും പ്രത്യേക പോയിന്റ് ഉണ്ട്. കൂടുതൽ പോയിന്റുള്ള ബോക്‌സിൽ പന്ത് വീഴ്ത്തുന്ന മത്സരാർത്ഥി വിജയിക്കും. ആൺകുട്ടികൾക്കാണ് ക്രിക്കറ്റ് മത്സരം. ടീമിലെ 11 പേരിൽ 10 പേർ ഭിന്നശേഷി കുട്ടികളായിരിക്കണം. ടെന്നീസ് ബോളാകും ഉപയോഗിക്കുക. ടീമിലെ ജനറൽ കുട്ടിക്ക് വിക്കറ്റ് കീപ്പർ ആയി മാത്രമേ കളിക്കാനാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |