
ആദ്യ ട്വന്റി-20യിൽ ശ്രീലങ്കയെ എട്ടുവിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ
വിശാഖപട്ടണം : ശ്രീലങ്കയ്ക്ക് എതിരായ അഞ്ച് ട്വന്റി-20 കളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ്
ടീമിന് എട്ടുവിക്കറ്റ് ജയം. ഇന്നലെ വിശാഖപട്ടണത്ത് 122റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 32 പന്തുകളും എട്ടുവിക്കറ്റുകളും ബാക്കിനിൽക്കെ വിജയം നേടുകയായിരുന്നു.
ടോസ് നേടി ലങ്കയെ ആദ്യ ബാറ്റിംഗിനിറക്കിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 121/6ൽ ഒതുക്കി നിറുത്തുകയായിരുന്നു. ദീപ്തി ശർമ്മ, ക്രാന്തി ഗൗഡ്,ശ്രീചരണി എന്നിവർ ഓരോവിക്കറ്റ് വീതം നേടി. വിഷ്മി ഗുണരത്നെ (39),ഹസിനി പെരേര(20), ഹർഷിത സമരവിക്രമ (21),ക്യാപ്ടൻ ചമരി അട്ടപ്പാട്ടു (15) എന്നിവരാണ് ലങ്കൻ നിരയിൽ രണ്ടക്കം കടന്നത്.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർ ഷെഫാലി വർമ്മയെ(9)യെ രണ്ടാം ഓവറിൽതന്നെ നഷ്ടമായി. എന്നാൽ ഓപ്പണർ സ്മൃതി മാന്ഥനയും (25) ഫസ്റ്റ് ഡൗണായെത്തിയ ജമീമ റോഡ്രിഗസും (69 നോട്ടൗട്ട്) ചേർന്ന് ഇന്ത്യയെ മുന്നോട്ടുനയിച്ചു. ടീം സ്കോർ 67ൽ വച്ച് സ്മൃതിയെക്കൂടി ഇന്ത്യയ്ക്ക് നഷ്ടമായി. 25 പന്തുകളിൽ നാലുബൗണ്ടറിയടക്കം 25 റൺസ് നേടിയ സ്മൃതി രണവീരയുടെ പന്തിൽ ബൗണ്ടറി ലൈനിനരികിൽ സിൽവയ്ക്ക് ക്യാച്ച് നൽകുകയായിരുന്നു. തുടർന്ന് ജമീമയും ക്യാപ്ടൻ ഹർമൻപ്രീത് കൗറും (15) ചേർന്ന് 14.4 ഓവറിൽ വിജയത്തിലെത്തിച്ചു.44 പന്തുകൾ നേരിട്ട ജമീമ 10 ബൗണ്ടറികൾ പായിച്ചു. ജമീമയാണ് പ്ളേയർ ഒഫ് ദ മാച്ച്.
രണ്ടാം മത്സരം 23ന് വിശാഖപട്ടണതുതന്നെ നടക്കും.
മൂന്ന് മത്സരങ്ങൾ തിരുവനന്തപുരത്ത്
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള അഞ്ച് ട്വന്റി-20കളുടെ പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്ക് വേദിയാകുന്നത് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ്. ഈ മാസം 26,28,30 തീയതികളിലാണ് തിരുവനന്തപുരത്തെ മത്സരങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |