
ശ്രീലങ്കയ്ക്ക് എതിരായ അഞ്ചാം ട്വന്റി-20 മത്സരത്തിന് ഇന്ത്യൻ വനിതാ ടീം ഇന്ന് കാര്യവട്ടത്തിറങ്ങുന്നു
പരമ്പര തൂത്തുവാരാൻ ലക്ഷ്യമിട്ട് ഹർമൻപ്രീത് കൗറും സംഘവും
തിരുവനന്തപുരം : ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരം ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. വിശാഖപട്ടണത്ത് നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും കാര്യവട്ടത്ത് നടന്ന കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തകർപ്പൻ വിജയം നേടിയ ഇന്ത്യ പരമ്പര തൂത്തുവാരാൻ ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുക. അതേസമയം ആദ്യ
മൂന്ന് മത്സരങ്ങളിലും ബാറ്റിംഗിൽ മോശമായിരുന്ന ലങ്ക നാലാം മത്സരത്തിൽ അൽപ്പം മെച്ചപ്പെട്ടത് നൽകിയ ആത്മവിശ്വാസത്തിൽ ഒരു കളിയെങ്കിലും ജയിച്ച് മടങ്ങാനുള്ള ശ്രമത്തിലാണ്.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ തുടർച്ചയായി അർദ്ധസെഞ്ച്വറി നേടിയ ഷെഫാലി വെർമ്മയുടെ മികച്ച ഫോമാണ് ഇന്ത്യയുടെ കരുത്ത്. വിശാഖപട്ടണത്ത് രണ്ടാം മത്സരത്തിൽ 69 റൺസുമായി പുറത്താകാതെ നിന്ന ഷെഫാലി കാര്യവട്ടത്ത് മൂന്നാം മത്സരത്തിൽ 79 റൺസടിച്ച് നോട്ടൗട്ടായപ്പോൾ നാലാം മത്സരത്തിൽ 79 റൺസ് നേടി പുറത്താവുകയായിരുന്നു. പരമ്പരയിലെ നാലുമത്സരങ്ങളിൽ നിന്ന് 236 റൺസാണ് ഷെഫാലി നേടിയത്. കഴിഞ്ഞകളിയിൽ 46 പന്തുകളിൽ 12 ഫോറുകളും ഒരു സിക്സുമടക്കമാണ് ഷെഫാലി 79 റൺസടിച്ചത്.
വിവാഹം മുടങ്ങിപ്പോയതിന്റെ വേദനയിൽ നിന്ന് കളിക്കളത്തിലേക്ക് തിരിച്ചെത്തിയ സ്മൃതി മാന്ഥന കഴിഞ്ഞരാത്രി 48 പന്തുകളിൽ 11 ഫോറുകളും മൂന്ന് സിക്സുകളും പറത്തി 80 റൺസ് നേടി ഫോമിലേക്കെത്തിയത് ഇന്ത്യയ്ക്ക് കരുത്ത് നൽകുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ 10000 റൺസ് കടക്കുകയും ഇന്ത്യയ്ക്ക് വേണ്ടി ട്വന്റി-20യിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരമാവുകയും ചെയ്ത സ്മൃതി ഓപ്പണിംഗിൽ ഷെഫാലിക്കൊപ്പം 162 റൺസ് കൂട്ടിച്ചേർത്ത് പാർട്ണർഷിപ്പിലെ തങ്ങളുടെ തന്നെ റെക്കാഡ് മറികടക്കുകയും ചെയ്തു. ഇതോടെ ഇന്ത്യ തങ്ങളുടെ ട്വന്റി-20യിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലായ 221/2ലെത്തുകയും ചെയ്തു.അവസാന ഓവറുകളിൽ കൂറ്റൻ സിക്സുകൾ പറത്തി 16 പന്തുകളിൽ 40 റൺസ് നേടിയ റിച്ച ഘോഷിന്റെ ഇന്നിംഗ്സും ഇന്ത്യയ്ക്ക് തുണയായി.
നേരിയ പനിയുണ്ടായിരുന്ന ജമീമ റോഡ്രിഗസിന് പകരം കഴിഞ്ഞ മത്സരത്തിൽ ഹർലീൻ ഡിയോളിനെ പ്ളേയിംഗ് ഇലവനിലെടുത്തിരുന്നെങ്കിലും ബാറ്റിംഗിന് അവസരം ലഭിച്ചില്ല. ഇന്നും ഹർലീന് അവസരം നൽകാനാണ് സാദ്ധ്യത. അവസാനമത്സരമായതിനാൽ ബെഞ്ച് സ്ട്രെംഗ്ത് പരീക്ഷിക്കാനും ഇന്ത്യ തീരുമാനിച്ചേക്കും. അങ്ങനെയെങ്കിൽ 17കാരിയായ ജി.കമാലിനിക്ക് അവസരം ലഭിച്ചേക്കും. കഴിഞ്ഞദിവസം പകരക്കാരിയായി ഫീൽഡിംഗിനിറങ്ങിയ കമാലിനി ഒരുഗ്രൻ ക്യാച്ചെടുത്തിരുന്നു.
മറുവശത്ത് ലങ്ക ഒരുവിജയത്തിനായി കൊതിക്കുകയാണ്. കഴിഞ്ഞകളിയിൽ അർദ്ധസെഞ്ച്വറി നേടിയ ക്യാപ്ടൻ ചമരി അട്ടപ്പാട്ടുവിന്റെ പോരാട്ടവീര്യം മറ്റുള്ളവരിലേക്കും ആവേശം പകരുമെന്ന പ്രതീക്ഷയിലാണ് കോച്ച് റുമേഷ് രത്നായകെ. അത്യാവശ്യം സ്കോർ ചെയ്യാൻ കഴിവുള്ള ഹാസിനി പെരേര, ഹർഷിത സമരവിക്രമ, ഇമേഷ ദുലാനി,കൗശിനി നുത്യൻഗ, നീലാക്ഷിക സിൽവ തുടങ്ങിയവരിലാണ് കോച്ചിന്റെ പ്രതീക്ഷകൾ.
ടീമുകൾ ഇവരിൽ നിന്ന്
ഇന്ത്യ : ഹർമൻപ്രീത് സിംഗ് (ക്യാപ്ടൻ),സ്മൃതി മാന്ഥന, ഷെഫാലി വെർമ്മ,റിച്ച ഘോഷ്, ഹർലീൻ ഡിയോൾ, ജെമീമ റോഡ്രിഗസ്,ജി.കമാലിനി, ദീപ്തി ശർമ്മ,അമൻജോത് കൗർ, രേണുക സിംഗ്, സ്നേഹ് റാണ, ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, ശ്രീചരണി,വൈഷ്ണവി ശർമ്മ.
ശ്രീലങ്ക : ചമരി അട്ടപ്പട്ടു (ക്യാപ്ടൻ), ഹർഷിത സമരവിക്രമ,ഹാസിനി പെരേര,ഇമേഷ ദുലാനി,കൗശിനി നുത്യൻഗ, നീലാക്ഷിക സിൽവ,വിഷ്മി ഗുണരത്നെ,കവിഷ ദിൽഹരി,രശ്മിക സെവ്വാണ്ടി,കാവ്യ കാവിന്ദി,മൽകി മദാര,നിമിഷ മീപ്പഗേ, ഇനോക രണവീര,മൽഷ ഷെഹാനി,ശശിനി ജിംഹാനി.
7.30 pm മുതൽ സ്റ്റാർ സ്പോർട‌്സിലും ജിയോ ഹോട്സ്റ്റാറിലും ലൈവ്.
ടിക്കറ്റ് ലഭിക്കാൻ
ticketgenie ആപ്പിലൂടെ മത്സരത്തിന്റെ ടിക്കറ്റുകൾ ലഭ്യമാകും. സ്ത്രീകൾക്കും കുട്ടികൾക്കും 125 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. ജനറൽ ടിക്കറ്റുകൾ 250 രൂപ മുതൽ ലഭ്യമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |