
സൂപ്പർ എട്ട് മത്സരത്തിൽ രണ്ട് വിക്കറ്റിന് പാകിസ്ഥാനെ തോൽപ്പിച്ച് ഇംഗ്ളണ്ട് സെമിയിലേക്ക്, പാകിസ്ഥാന്റെ സെമിഫൈനൽ സാദ്ധ്യത മങ്ങി
പല്ലക്കിലെ : പാകിസ്ഥാനെതിരായ ട്വന്റി-20 ലോകകപ്പ് സൂപ്പർ എട്ട് മത്സരത്തിൽ രണ്ട് വിക്കറ്റിന് വിജയിച്ച് ഇംഗ്ളണ്ട് സെമിഫൈനലിലെത്തി. ആദ്യ മത്സരം മഴയെടുത്തതിനാൽ പാകിസ്ഥാന്റെ സെമി സാദ്ധ്യതയ്ക്ക്
മങ്ങലേൽക്കുകയും ചെയ്തു.
ഇന്നലെ പല്ലക്കിലെയിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി . മറുപടിക്കിറങ്ങിയ ഇംഗ്ളണ്ട് തുടക്കത്തിലും ഒടുക്കത്തിലും വിക്കറ്റുകൾ നഷ്ടമായി പതറിയെങ്കിലും 51 പന്തുകളിൽ 10 ഫോറുകളും നാലുസിക്സുകളമടക്കം തകർപ്പൻ സെഞ്ച്വറി നേടിയ ഹാരി ബ്രൂക്കിന്റെ (100) മികവിൽ ലക്ഷ്യത്തിലെത്തി. 155/5 എന്ന നിലയിൽ ബ്രൂക്ക് പുറത്തായശേഷം രണ്ട് വിക്കറ്റുകൾ കൂടി പെട്ടെന്ന് നഷ്ടമായി. എന്നാൽ അവസാന ഓവറിന്റെ ആദ്യപന്തിൽ ഫോറടിച്ച് ആർച്ചർ ലക്ഷ്യത്തിലെത്തിച്ചു.
45 പന്തുകളിൽ ഏഴുഫോറും രണ്ട് സിക്സുമടക്കം 63 റൺസ് നേടിയ ഓപ്പണർ സാഹിബ്സദ ഫർഹാനാണ് പാകിസ്ഥാന്റെ ടോപ് സ്കോററായത്.ബാബർ അസം (25),ഫഖാർ സമാൻ (25),ഷദാബ് ഖാൻ (23) എന്നിവരും പൊരുതി.
മൂന്നാം ഓവറിൽ ഓപ്പണർ സെയിം അയൂബിനെയും (7), നാലാം ഓവറിൽ ക്യാപ്ടൻ സൽമാൻ ആഗയേയും (5) പാകിസ്ഥാന് നഷ്ടമായിരുന്നു.എന്നാൽ ഒരറ്റത്ത് ഉറച്ചുനിന്ന് പൊരുതിയ സാഹിബ്സദ പതിയെ ടീമിനെ മുന്നോട്ടുനയിച്ചു. മൂന്നാം വിക്കറ്റിൽ 46 റൺസ് കൂട്ടിച്ചേർത്ത ബാബർ അസമിന്റെ പിന്തുണയും നിർണായകമായി.
ഇംഗ്ളണ്ടിനായി ലിയാം ഡാവ്‌സൺ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ജൊഫ്ര ആർച്ചർ, ജാമീ ഓവർട്ടൺ എന്നിവർ രണ്ട് വിക്കറ്റുകളും നേടി.ആദിൽ റഷീദിന് ഒരു വിക്കറ്റ് ലഭിച്ചു.
മറുപടിക്കിറങ്ങിയ ഇംഗ്ളണ്ടിന് 58 റൺസെടുക്കുന്നതിനിടെ നാലുവിക്കറ്റുകൾ നഷ്ടമായിരുന്നു. ഫിൽ സാൾട്ട് (2), ജോസ് ബട്ട്‌ലർ (0),ജേക്കബ് ബെഥേൽ (8),ടോം ബാന്റൺ (2) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. തുടർന്നായിരുന്നു ബ്രൂക്കിന്റെ വിളയാട്ടം. സാം കറാൻ (16), വിൽ ജാക്സ് (28) എന്നിവർ മാത്രമാണ് പിന്തുണ നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |