ഐ ലീഗിൽ കിരീടപ്പോരാട്ടത്തിൽ ഗോകുലം കേരള ഇന്ന് മുഹമ്മദൻസിനെ നേരിടും
കൊൽക്കത്ത: ഒരുപോയിന്റ് മാത്രം അകലെയുള്ള കിരീടം കൈപ്പിടിയിലാക്കാൻ ഐ ലീഗിലെ അവസാന മത്സരത്തിൽ ഗോകുലം കേരള എഫ്.സി ഇന്ന് മുഹമ്മദൻസിനെ നേരിടും.
വൈകിട്ട് 7മുതൽ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം.
നിലവിലെ ചാമ്പ്യൻമാരായ ഗോകുലത്തിന് ഇന്ന് മുഹമ്മദൻസിനെതിരേ സമനില മാത്രം മതി കിരീടം നിലനിറുത്താൻ. മറുവശത്ത് മുഹമ്മദൻസിന് ജയിച്ചാൽ മാത്രമേ കിരീടം സ്വന്തമാക്കാൻ കഴിയൂ. കഴിഞ്ഞ മത്സരത്തിൽ നവാഗതരായ ശ്രീനിധി ക്ലബിനെതിരേ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതോടെയായിരുന്നു ഗോകുലത്തിന്റെ കാത്തിരിപ്പ് നീണ്ടത്.
ലീഗ് ഘട്ടത്തിൽ മുഹമ്മദൻസുമായി മത്സരിച്ചപ്പോള്‍ 1-1ന്റെ സമനിലയായിരുന്നു ഫലം. ഗോകുലത്തിന്റെ മുൻതാരം മാർക്കസ് ജോസഫാണ് മുഹമ്മദൻസിന്റെ കുന്തമുന. ശ്രീനിധിക്കെതിരേ ചുവപ്പ് കാർഡ് ലഭിച്ച ക്യാപ്ൻ ശരീഫ് മുഹമ്മദും മലയാളി താരം ജിതിൻ എം.എസും ഇന്ന് ഗോകുലത്തിനൊപ്പമുണ്ടാകില്ല. പരുക്കിന്റെ പിടിയിലായിരുന്നു സ്ലോവേനിയൻ താരം ലൂക്ക മെയ്സൻ തിരിച്ചെത്തിയേക്കും. 17 മത്സരത്തിൽ നിന്ന് 40 പോയിന്റാണ് ഗോകുലത്തിന്റെ അക്കൗണ്ടിൽ ഉള്ളത്. ഇത്രയും മത്സരത്തിൽ നിന്ന് 37 പോയിന്റാണ് മുഹമ്മദൻസ് നേടിയിട്ടുള്ളത്.
ലൈവ്: 24 ന്യൂസിലും വൺ സ്പോർട്സ് ചാനലിലും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |