മ്യൂണിക്ക് : യുവേഫ നേഷൻസ് ലീഗ് ഫുട്ബാളിന്റെ ഗ്രൂപ്പ് സിയിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ജർമ്മനിയെ സമനിലയിൽ തളച്ച് ഇംഗ്ളണ്ട്. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 50-ാംമിനിട്ടിൽ യോനാസ് ഹോഫ്മാനിലൂടെ ജർമ്മനിയാണ് ആദ്യം സ്കോർ ചെയ്തത്. ആതിഥേയർ വിജയമുറപ്പിച്ച് മുന്നേറവേ 88-ാം മിനിട്ടിൽ നായകൻ ഹാരി കേൻ ഒരു പെനാൽറ്റിയിൽ നിന്ന് വലകുലുക്കിയാണ് ഇംഗ്ളണ്ടിന് സമനില സമ്മാനിച്ചത്.
ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തിൽ ഇറ്റലി 2-1ന് ഹംഗറിയെ തോൽപ്പിച്ചു. 30-ാം മിനിട്ടിൽ നിക്കോളോ ബാറെല്ലയും 45-ാം മിനിട്ടിൽ ലോറൻസോ പെല്ലഗ്രിനിയുമാണ് ഇറ്റലിക്കായി സ്കോർ ചെയ്തത്. 61-ാം മിനിട്ടിലെ ഇറ്റാലിയൻ താരം ജിയാൻലൂക്ക മാഞ്ചീനിയുടെ സെൽഫ് ഗോളാണ് ഹംഗറിക്ക് ആശ്വാസമായത്. മറ്റ് മത്സരങ്ങളിൽ തുർക്കി 6-0ത്തിന് ലിത്വാനിയയെയും ബോസ്നിയ 1-0ത്തിന് റൊമാനിയയെയും തോൽപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |