ബാഴ്സലോണ: ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിന്റെ ഗോളടിയന്ത്രം റോബർട്ട് ലെവൻഡോവ്സ്കി ഇനി സ്പാനിഷ് ക്ളബ് ബാഴ്സലോണയിൽ.ശമ്പളവും പെർഫോമൻസ് ബോണസും ചേർത്ത് 50 ദശലക്ഷം യൂറോ (ഏകദേശം 401 കോടി രൂപ) വാഗ്ദാനം നൽകിയാണ് പോളിഷ് സൂപ്പർ താരത്തെ ബാഴ്സലോണ സ്വന്തമാക്കിയത്. മൂന്നുവർഷത്തേക്കാണ് കരാർ.
ബയേണിന്റെ കുന്തമുനയായിരുന്ന ലെവൻഡോവ്സ്കിയ്ക്ക് അടുത്ത സീസൺ വരെ ജർമ്മൻ ക്ലബ്ബുമായി കരാറുണ്ടായിരുന്നു. എന്നാൽ ടീം വിടണമെന്ന താരത്തിന്റെ ആവശ്യത്തിനുമുന്നിൽ ബയേൺ നിസഹായരായി.ഈ വർഷം ഫെബ്രുവരി മുതൽ ലെവൻഡോവ്സ്കി ബാഴ്സയിൽ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ബയേൺ വലിയ തുകയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. അതുകൊണ്ടുതന്നെ നാലുതവണയാണ് ബാഴ്സയ്ക്ക് കരാർ തുക പുതുക്കേണ്ടിവന്നത്.
കോച്ച് സാവിയുടെ കീഴിൽ പുതിയ സീസണിനുവേണ്ടി ഒരുങ്ങുന്ന ബാഴ്സ ഈ സീസണിൽ നിരവധി താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്.ലയണൽ മെസി ടീം വിട്ടശേഷം ബാഴ്സയിൽ മികച്ച ഒരു സ്ട്രൈക്കറുടെ അഭാവം പ്രകടമായിരുന്നു. ലെവൻഡോവ്സ്കിയിലൂടെ ആ വിടവ് നികത്താനാകുമെന്നാണ് സാവിയുടെ കണക്കുകൂട്ടുന്നത്. 2014ൽ ബൊറൂഷ്യ ഡോർട്ട്മുണ്ടിൽ നിന്നാണ് ലെവൻഡോവ്സ്കി ബയേണിലെത്തുന്നത്. ബയേണിനായി 253 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ താരം 238 ഗോളുകൾ നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |