ദുബായ്: ഏഷ്യാ കപ്പ് മത്സരത്തിനിടെ ശ്രീലങ്കൻ ഓൾ റൗണ്ടർ താരം ദുനിത് വെല്ലാലഗെയെ മത്സരത്തിനിടെ തേടിയെത്തിയത് പിതാവിന്റെ വിയോഗ വാർത്ത. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ടീം വിജയം ആഘോഷിക്കുന്നതിനിടെയാണ് പിതാവ് അന്തരിച്ച വാർത്ത ദുനിത് അറിയുന്നത്. മത്സരത്തിൽ അഞ്ച് സിക്സറുകൾ വഴങ്ങിയിട്ടും ശ്രീലങ്കയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് 22കാരനായ ദുനിത്.
ശ്രീലങ്ക ആറ് വിക്കറ്റിന് വിജയിച്ച് സൂപ്പർ ഫോറിലേക്ക് യോഗ്യത നേടിയതിന് പിന്നാലെയാണ് ടീം പരിശീലകനായ സനത് ജയസൂര്യയും ടീം മാനേജരും ചേർന്ന് ദുനിതിന്റെ പിതാവ് സുരംഗ വെല്ലാലഗെയുടെ മരണവിവരം അറിയിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അപ്രതീക്ഷിത മരണം. മരണവാർത്ത അറിഞ്ഞ ശേഷം ദുനിതിനെ സനത് ജയസൂര്യ ആശ്വസിപ്പിക്കുന്ന വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
ജയസൂര്യ ദുനിതിന്റെ തോളിൽ കൈവച്ച് ആശ്വസിപ്പിക്കുന്നതും ദുനിത് വികാരാധീനനാകുന്നതും വീഡിയോയിൽ കാണാം. മത്സരശേഷം കമന്ററിയിലുണ്ടായിരുന്ന ശ്രീലങ്കൻ മുൻ ക്രിക്കറ്റ് താരം റസ്സൽ ആർനോൾഡാണ് ദുഃഖവാർത്ത പുറംലോകത്തെ അറിയിച്ചത്. ദുനിതിന്റെ പിതാവ് സുരംഗ വെല്ലാലഗെയും ഒരു ക്രിക്കറ്റ് താരമായിരുന്നുവെന്നും താൻ സെന്റ് പീറ്റേഴ്സ് കോളേജിനെ നയിച്ചപ്പോൾ അദ്ദേഹം പ്രിൻസ് ഓഫ് വെയിൽസ് കോളേജിന്റെ ക്യാപ്റ്റനായിരുന്നുവെന്നും റസ്സൽ ഓർമിച്ചു.
അഫ്ഗാനിസ്ഥാനെതിരെ ദുനിത് വെല്ലാലഗെ നാല് ഓവറിൽ 49 റൺസ് വഴങ്ങിയിരുന്നു. എന്നാൽ കുസൽ മെൻഡിസിന്റെ 74 റൺസിന്റെ മികവിൽ ആറ് വിക്കറ്റും എട്ട് പന്തുകളും ബാക്കിനിൽക്കെ ശ്രീലങ്ക അനായാസം ലക്ഷ്യം മറികടക്കുകയായിരുന്നു. വിജയം സാദ്ധ്യമായതോടേ ശ്രീലങ്ക സൂപ്പർ ഫോർ യോഗ്യതയും നേടി. ഈ മത്സരത്തിലെ തോൽവിയോടെ അഫ്ഗാനിസ്ഥാൻ ഏഷ്യാ കപ്പിൽ നിന്നും പുറത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |