ബീജിംഗ്: മദ്ധ്യ ചെെനയിലെ ബോർഡിംഗ് സ്കൂൾ ഡോർമിറ്ററിയിലുണ്ടായ അഗ്നിബാധയിൽ 13വിദ്യാർത്ഥികൾ വെന്തുമരിച്ചു. ഹെനാൻ പ്രവിശ്യയിലെ യിംഗ്‌കായ് എലമെന്ററി സ്കൂളിലാണ് സംഭവം. ഒമ്പതും പത്തും വയസുള്ള കുട്ടികളാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11മണിയോടെ സ്കൂൾ ഡോർമിറ്ററിക്ക് തീപിടിച്ചതായി പ്രാദേശിക അഗ്നിശമന ഓഫീസർക്ക് വിവരം ലഭിച്ചുവെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേനയും സുരക്ഷാ ജീവനക്കാരും ചേർന്ന് 11.38ഓടെ തീ പൂർണമായി അണച്ചു. സംഭവത്തിൽ പ്രാദേശിക ഭരണകൂടം അന്വേഷണം ആരംഭിച്ചു. തീപിടിത്തവുമായി ബന്ധപ്പെട്ട് സ്കൂൾ മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം.
തീപിടിത്തമുണ്ടായ സമയത്ത് 30 കുട്ടികളാണ് ഡോർമിറ്ററിയിൽ ഉണ്ടായിരുന്നത്. ബാക്കി മുഴുവൻ കുട്ടികളെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞു. മരിച്ച കുട്ടികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ തീപിടിത്തത്തിന്റെ കാരണമോ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. നഴ്സറി പ്രെെമറി ക്ലാസ് കുട്ടിക്കായുള്ള സ്കൂളാണ് യിംഗ്‌കായ്. ആഴ്ചവസാനമായതിനാൽ നഴ്സറി വിദ്യാർത്ഥികൾ വീട്ടിലേക്ക് പോയിരുന്നു. മരിച്ച കുട്ടികൾ മൂന്നാം ഗ്രേഡ് വിദ്യാർത്ഥികളാണെന്ന് സ്കൂളിലെ ഒരു അദ്ധ്യാപിക മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |