
ടെഹ്‌റാൻ: ഇറാൻ നാവികസേനയുടെ കപ്പൽ മുക്കിയ യുഎസിന് മുന്നറിയിപ്പുമായി ഇറാന്റെ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരാഘ്‌ചി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഇറാൻ തീരത്ത് നിന്നും 2000 മൈൽ അകലെ, കടലിൽ വച്ച് യുഎസ് ഒരു ക്രൂരത നടത്തിയിരിക്കുന്നു. ഇന്ത്യൻ നാവികസേനയുടെ അതിഥിയായി 130ഓളം നാവികരെയും വഹിച്ചിരുന്ന ഐറിസ് ദേന, യാതൊരു മുന്നറിയിപ്പുമില്ലാതെ അന്താരാഷ്‌ട്ര സമുദ്രമേഖലയിൽ വച്ച് ആക്രമിക്കപ്പെട്ടിരിക്കുന്നു. എന്റെ വാക്കുകൾ ഓർത്തുവച്ചോളൂ. ഇതിന് അമേരിക്ക അത്യധികം പശ്ചാത്തപിക്കേണ്ടിവരും' - എന്നാണ് സെയ്‌ദ് അബ്ബാസ് അരാഘ്‌ചി കുറിച്ചത്.
ശ്രീലങ്കയുടെ പുറംകടലിലൂടെ പോകുമ്പോഴായിരുന്നു അന്തർവാഹിനി ഉപയോഗിച്ചുള്ള ആക്രമണത്തിലൂടെ ദേനയെ യുഎസ് മുക്കിയത്. കപ്പൽ മുക്കിയത് യുഎസ് ആണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്. ഇന്നലെ പുലർച്ചെയാണ് ഇന്ത്യൻ മഹാസമുദ്രത്തിലൂടെ നീങ്ങുന്നതിനിടെ ദേന ആക്രമിക്കപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 87പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 32പേരെ രക്ഷിച്ചു. മറ്റുള്ളവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചെങ്കിലും പിന്നീട് ഐറിസ് ദേന ഇന്ത്യയോട് സഹായമൊന്നും തേടിയിരുന്നില്ലെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പുറത്തുവന്ന റിപ്പോർട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |