വത്തിക്കാൻ: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ. എന്നാൽ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തന്നെ തുടരുകയാണെന്നും വത്തിക്കാൻ വ്യക്തമാക്കി. കുറഞ്ഞ അളവിലാണെങ്കിലും മാർപാപ്പയ്ക്ക് ഇപ്പോഴും ഓക്‌സിജൻ നൽകുന്നുണ്ട്. നേരിയ വൃക്ക തകരാറിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് അധികൃതർ പറയുന്നത്.
മാർപാപ്പ സാധാരണഗതിയിൽ ഭക്ഷണം കഴിക്കുന്നുണ്ടെന്നും ആശുപത്രി മുറിയിൽ എഴുന്നേറ്റു നടക്കാൻ കഴിയുന്നുണ്ടെന്നും ഒരു വത്തിക്കാൻ ഉദ്യോഗസ്ഥൻ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം ജോലി പുനരാരംഭിച്ചു. വൈകുന്നേരം ഗാസയിലെ കത്തോലിക്കാ ഇടവകയിലേക്ക് ഒരു ഫോൺ സന്ദേശം അയച്ചു. ഇസ്രായേൽ-ഹമാസ് യുദ്ധകാലത്ത് പതിവായി ഇത് ചെയ്തിട്ടുണ്ടെന്നും വത്തിക്കാൻ ഇന്നലെ പുറത്തിറക്കിയ പ്രസ്‌താനവനയിൽ പറഞ്ഞിരുന്നു. ഞായറാഴ്ച രാത്രി അദ്ദേഹം നന്നായി ഉറങ്ങിയെന്നും വിശ്രമം തുടരുകയാണെന്നും വത്തിക്കാൻ ഇന്നലെ വ്യക്തമാക്കി.
ശ്വാസതടസം അനുഭവപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരി 14നാണ് അദ്ദേഹത്തെ റോമിലെ ഗെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടോ അതിലധികമോ സൂക്ഷ്മാണുക്കൾ മൂലമുണ്ടായ അണുബാധയായതിനാൽ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി സങ്കീർണമാണ് എന്നാണ് വത്തിക്കാൻ നേരത്തെ അറിയിച്ചത്. മാർപാപ്പയുടെ സ്വകാര്യത കണക്കിലെടുത്ത് ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ആരോഗ്യനില കണക്കിലെടുത്ത് ഫ്രാൻസിസ് മാർപാപ്പ വിരമിക്കുമോയെന്നതിൽ തീരുമാനമായില്ല. ആരോഗ്യനില മോശമായതിനാൽ മാർപാപ്പ സ്ഥാനത്യാഗം ചെയ്തേക്കാമെന്ന് വിരമിച്ച ഒരു കർദിനാൾ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |