കാഠ്മണ്ഡു: നേപ്പാളിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകർ തീയിട്ട ഹോട്ടലിന്റെ നാലാം നിലയിൽ നിന്ന് ചാടിയ ഇന്ത്യൻ തീർത്ഥാടകയ്ക്ക് ദാരുണാന്ത്യം. ഗാസിയാബാദിൽ നിന്നുള്ള 55കാരി രാജേഷ് ഗോലയാണ് മരിച്ചത്. അതേസമയം ഇവരുടെ ഒപ്പം ചാടിയ ഭർത്താവ് രാംവീർ സിംഗ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
സെപ്തംബർ ഏഴിനാണ് രാജേഷ് ഗോലയും രാംവീർ സിംഗും കാഠ്മണ്ഡുവിലെ പ്രശസ്തമായ പശുപതിനാഥ് ക്ഷേത്രം സന്ദർശിക്കാൻ എത്തിയത്. സെപ്തംബർ ഒമ്പതിന് 'ജെൻ- സി' പ്രക്ഷോഭകരുടെ പ്രതിഷേധം അക്രമാസക്തമായപ്പോൾ ഇരുവരും ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുകയായിരുന്നു. പ്രതിഷേധക്കാർ ഹോട്ടലിന് തീയിട്ടതോടെ ദമ്പതികൾ നാലാം നിലയിൽ കുടുങ്ങി. മറ്റ് മാർഗമില്ലാതായപ്പോൾ രക്ഷപ്പെടാൻ അവർ ജനാലയിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു.
തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെട്ടവരെ സഹായിക്കാൻ രക്ഷാപ്രവർത്തകർ ഹോട്ടലിന് താഴെ കിടക്കകൾ വിരിച്ചെങ്കിലും രാജേഷ് ഗോല വീണത് ഇതിന് വെളിയിലായിരുന്നു. നേപ്പാൾ അധികൃതർ ഇവരുടെ മകൻ വിശാലിനെ ഫോണിലൂടെയാണ് വിവരം അറിയിച്ചത്. രാജേഷ് ഗോലയുടെ മൃതദേഹം ഗാസിയാബാദിലെ മാസ്റ്റർ കോളനിയിലുള്ള അവരുടെ വീട്ടിലേക്ക് ഇന്ന് കൊണ്ടു പോകുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |