
റിയാദ്: സൗദി അരാംകോയുടെ റാസ് തനൂറ റിഫൈനറിക്കു ഇറാന്റെ ഡ്രോൺ ആക്രമണം. ആക്രമണത്തെത്തുടർന്ന് എണ്ണ ശുദ്ധീകരണ ശാലയുടെ ചില യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. റാസ് തനൂറ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകൾ തകർത്തെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ശുദ്ധീകരണ ശാല അടച്ചത്. പ്രതിദിനം 5.5 ലക്ഷം ബാരൽ എണ്ണ ശുദ്ധീകരിക്കാൻ ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ കേന്ദ്രങ്ങളിൽ ഒന്നാണിത്.
ആക്രമണം ഉണ്ടായെങ്കിലും അരാംകോയിൽ നിന്നുള്ള എണ്ണ വിതരണം മുടങ്ങില്ലെന്ന് സൗദി അധികൃതർ വ്യക്തമാക്കി. സംഘർഷം മുറുകിയതോടെ ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയരുകയാണ്. ഹോർമൂസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.
ശനിയാഴ്ച അമേരിക്കയും ഇസ്രയേലും ഇറാന് നേരെ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഗൾഫ് മേഖലയിൽ സംഘർഷം വ്യാപിച്ചത്. ഇസ്രയേലിന് പുറമെ സൗദി അറേബ്യ, ഖത്തർ, യുഎഇ, കുവൈത്ത്, ബഹ്‌റെയിൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്കും മറ്റ് കേന്ദ്രങ്ങൾക്കും നേരെയാണ് ഇറാൻ തിരിച്ചടിക്കുന്നത്.
തങ്ങളുടെ വ്യോമാതിർത്തിയോ മണ്ണോ ഇറാന് നേരെയുള്ള ആക്രമണത്തിന് വിട്ടുനൽകില്ലെന്ന് വ്യക്തമാക്കിയിട്ടും ഇറാൻ നടത്തിയ നീക്കം ഭീരുത്വമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഒരു കാരണവശാലും ഈ ആക്രമണത്തെ ന്യായീകരിക്കാനാവില്ല. ഇതിൽ പ്രതിഷേധം അറിയിക്കാൻ സൗദിയിലെ ഇറാൻ അംബാസഡർ അലിറെസ ഇനായത്തിയെ റിയാദ് വിളിച്ചുവരുത്തി.
നിലവിലെ സാഹചര്യത്തിൽ ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ വൻ ആൾ നാശമാണ് റിപ്പോർട്ടു ചെയ്യുന്നത് ആകെ 555 പേർ മരണപ്പെട്ടുവെന്ന് റെഡ് ക്രെസന്റിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |