വാഷിംഗ്ടൺ: പഹൽഗാമിലെ ഭീകരാക്രമണത്തെക്കുറിച്ചുള്ള ന്യൂയോർക്ക് ടൈംസിന്റെ വാർത്തയെ തള്ളി അമേരിക്കൻ ഭരണകൂടം. ആക്രമണകാരികളെ 'ഭീകരർ' എന്നതിനുപകരം 'ഗൺമെൻ', 'മിലിറ്റന്റ്സ്' എന്നിങ്ങനെ പരാമർശിച്ചുകൊണ്ട് ന്യൂയോർക്ക് ടൈംസ് ആക്രമണത്തിന്റെ തീവ്രത കുറച്ചുകാണുകയാണെന്ന് അമേരിക്ക വിമർശിച്ചു.
ന്യൂയോർക്ക് ടൈംസിനെ തിരുത്തിക്കൊണ്ട് എക്‌സിലൂടെയാണ് യു എസ് ഹൗസ് വിദേശകാര്യ കമ്മിറ്റി രംഗത്തെത്തിയത്. വാർത്തയുടെ യഥാർത്ഥ തലക്കെട്ടിന്റെ സ്‌ക്രീൻഷോട്ട് പങ്കിട്ടുകൊണ്ടാണ് യു എസ് ഹൗസ് വിദേശകാര്യ കമ്മിറ്റി വിമർശനവുമായെത്തിയത്.
'കാശ്മീരിൽ ആയുധധാരികളുടെ വെടിയേറ്റ് 24 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടു' എന്നായിരുന്നു ന്യൂയോർക്ക് ടൈംസിന്റെ യഥാർത്ഥ തലക്കെട്ട്. ഇത് 'കാശ്മീരിൽ ഭീകരരുടെ വെടിയേറ്റ് 24 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടു' എന്നാക്കി. അതായത് 'മിലിറ്റന്റ്സ്' എന്നത് ചുവപ്പ് മഷികൊണ്ട് വെട്ടി, ചുവപ്പുമഷി കൊണ്ട് തന്നെ 'ടെററിസ്റ്റ്' എന്നാക്കിയിരിക്കുകയാണ്.
ന്യൂയോർക്ക് ടൈംസ് മാത്രമല്ല, ബിബിസി, ദി ഗാർഡിയൻ, അൽ ജസീറ, സിഎൻഎൻ, ഫ്രാൻസ് 24, റോയിട്ടേഴ്‌സ് തുടങ്ങിയ പ്രമുഖ പാശ്ചാത്യ മാദ്ധ്യമങ്ങളെല്ലാം ഭീകരതയെ കുറച്ചുകാട്ടാൻ ശ്രമിക്കുകയാണെന്ന ചർച്ചയാണ് ഉയർന്നിരുന്നു. പോരാളികളെന്നും തോക്കുധാരികളെന്നും വിളിച്ച് ഭീകര പ്രവർത്തനത്തെ മനഃപൂർവ്വം മറയ്ക്കാൻ ശ്രമിക്കുകയാണ് പാശ്ചാത്യ മാദ്ധ്യമങ്ങളെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്. എന്തുകൊണ്ട് പാശ്ചാത്യ മാദ്ധ്യമങ്ങൾ അക്രമകാരികളെ തീവ്രവാദികൾ എന്ന് വിളിക്കുന്നില്ല എന്ന ചോദ്യം ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് അമേരിക്ക രംഗത്തെത്തിയത്.
ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഭീകരതയ്‌ക്കെതിരായി ഇന്ത്യക്കൊപ്പം ശക്തമായി നിലകൊള്ളുന്നുവെന്നാണ് ട്രംപ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.
ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയ ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു. ഈ 'ഹീനമായ ആക്രമണത്തിന്' കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |