
ഒരുക്കിയത് സുനിൽ കണ്ടല്ലൂർ
കായംകുളം: കായംകുളത്തുകാരന്റെ കരവിരുതിൽ അയോദ്ധ്യയിൽ രാമായണം വാക്സ് മ്യൂസിയം പൂർത്തിയായി. രാമക്ഷേത്രത്തിന് അഞ്ഞൂറ് മീറ്റർ അകലെ സരയൂതീരത്താണ് പ്രശസ്തനായ മെഴുക് ശില്പി സുനിൽ കണ്ടല്ലൂർ രാമകഥയുടെ മെഴുക് ശില്പങ്ങളൊരുക്കിയത്. രണ്ടുദിവസത്തിനകം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചർച്ചനടത്തിയ ശേഷം ഉദ്ഘാടനം തീരുമാനിക്കുമെന്ന് സുനിൽ കേരളകൗമുദിയോട് പറഞ്ഞു.
രാമായണം രചിക്കുന്ന വാല്മീകി മഹർഷിയിൽ തുടങ്ങി രാമലക്ഷ്മണന്മാരുടെ ബാല്യം, കൗമാരം, സീതാസ്വയംവരം, വനവാസം, രാവണന്റെ പ്രവേശം, സീതാപഹരണം, ജടായു യുദ്ധം, അശോകവനത്തിലെത്തിയ ഹനുമാൻ, ലങ്കാദഹനം തുടങ്ങി 22 കഥാസന്ദർഭങ്ങളാണ് ഒരുക്കിയത്. 40 കഥാപാത്രങ്ങളുടെ ശില്പങ്ങൾ പൂർത്തിയായി. രാമാനന്ദ് സാഗറിന്റെ രാമായണം സീരിയലിൽ ശ്രീരാമനും സീതയുമായി വേഷമിട്ട അരുൺ ഗോവിലും ദീപിക ചിക്കിലിയയുമാണ് മോഡൽ.
അയോദ്ധ്യ വികസന പദ്ധതിയിലുൾപ്പെടുത്തി യു.പി സർക്കാർ നൽകിയ രണ്ടര ഏക്കറിലാണ് സുനിൽ വാക്സ് മ്യൂസിയം ഒരുക്കിയത്. വരുമാനത്തിന്റെ പന്ത്രണ്ട് ശതമാനം സർക്കാരിന് നൽകണമെന്നാണ് കരാർ. 9,850 ചതുരശ്രയടിയിൽ കേരളീയ വാസ്തുശില്പ മാതൃകയിലാണ് കെട്ടിടനിർമ്മാണം.
സുനിലിന്റെ നാലാമത്തെ വാക്‌സ് മ്യൂസിയമാണ് അയോദ്ധ്യയിലേത്. പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം, മഹാരാഷ്ട്രയിൽ ലോണാവലയിൽ, ഗോവയ്‌ക്കടുത്ത് സിന്ധുദുർഗ് എന്നിവിടങ്ങളിലാണ് മറ്റു മ്യൂസിയങ്ങളുള്ളത്. കണ്ടല്ലൂർ ഫ്ളവർ ബോണിൽ പരേതനായ സുകുമാരന്റെയും സരസ്വതിയുടെയും മകനാണ്. ഭാര്യ: പൂജ. മക്കൾ: തേജി സുനിൽ, ചെറിസുനിൽ. സഹോദരങ്ങൾ: അഡ്വ. സുഭാഷ്, സുജിത്ത്.
തുടക്കം കെ. കരുണാകരനിൽ
ശ്രീകൃഷ്ണരൂപമാണ് അദ്യം മെഴുകിലൊരുക്കിയത്. തുടർന്ന് മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ പൂർണ്ണകായ പ്രതിമ നിർമ്മിച്ചു. അദ്ദേഹത്തിന്റെ വസ്ത്രങ്ങളും കണ്ണടയും അണിയിച്ചെടുത്ത പ്രതിമ കാണാൻ കരുണാകരൻ സുനിലിന്റെ കണ്ടല്ലൂരിലെ വീട്ടിലെത്തി.
തുടർന്ന് ലോകനേതാക്കൾ, ചരിത്ര പുരുഷന്മാർ, രാഷട്രീയ നേതാക്കൾ, സാഹിത്യ, സാംസ്‌കാരിക, സിനിമാ താരങ്ങൾ തുടങ്ങിയ നൂറുകണക്കിന് ജീവൻ തുളുമ്പുന്ന ശില്പങ്ങളൊരുക്കി. സെലിബ്രിറ്റി വാക്സ് മ്യൂസിയങ്ങളും ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |