
കൊച്ചി: ആലപ്പുഴ മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്‌ക്കിടെ ഉഷ ജോസഫിന്റെ (59) വയറ്റിൽ കുടുങ്ങിയ കത്രിക (ആർട്ടറി ഫോർസെപ്‌സ്) എറണാകുളം അമൃത ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ പുറത്തെടുത്തു. കത്രികയുടെ അഗ്രഭാഗം രണ്ടായി അടർന്ന നിലയിലാണ്. എന്നാൽ പുറത്തെടുത്തശേഷം അടർന്നെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കത്രിക കേസന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈ.എസ്.പിക്ക് കൈമാറി.
ഉഷയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഒരാഴ്ചയ്‌ക്കുള്ളിൽ ആശുപത്രി വിടാനാകും. 10 ദിവസത്തിനുള്ളിൽ മുറിവ് ഉണങ്ങിത്തുടങ്ങുമെന്നും വ്യക്തമാക്കി. ശസ്ത്രക്രിയാചെലവ് സർക്കാരാണ് വഹിച്ചത്. ഇന്നലെ രാവിലെ പത്തിനു തുടങ്ങിയ ശസ്ത്രക്രിയ മൂന്നര മണിക്കൂറിലേറെ നീണ്ടു.
അമൃത ആശുപത്രിയിലെ ഗ്യാസ്‌ട്രോ സർജറി വിഭാഗം മേധാവി ഡോ.ഒ.വി. സുധീർ, യൂറോളജി വിഭാഗം മേധാവി ഡോ.കെ.വി.സഞ്ജീവൻ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ.കെ. രാധാമണി എന്നിവർ നേതൃത്വം നൽകി. സർക്കാർ നിർദ്ദേശിച്ച എറണാകുളം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, സർജറി വിഭാഗം മേധാവി ഡോ.എ.കെ. അബ്ദുൾ സിയാദ് എന്നിവരുമുണ്ടായിരുന്നു.
ഗർഭപാത്രത്തിലെ മുഴ നീക്കംചെയ്യാൻ 2021 മേയ് 12ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയ്‌ക്കിടെയാണ് ഉഷയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. വീട്ടിലെത്തിയശേഷം കടുത്തവേദനയും തുടർച്ചയായ രക്തസ്രാവവും ഉണ്ടായി. പല ഡോക്ടർമാരും ചികിത്സിച്ചെങ്കിലും ഭേദമായില്ല. കഴിഞ്ഞദിവസം സ്വകാര്യആശുപത്രിയിലെ യൂറോളജിസ്റ്റിനെ സമീപിച്ചപ്പോഴാണ് വയറിനുള്ളിൽ കത്രിക കുടുങ്ങിയതാണെന്ന് വ്യക്തമായത്.
ഡോ. ലളിതാംബികയ്ക്കെതിരെ കേസ്
ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഗൈനക്കോളജി വിഭാഗം മുൻ മേധാവി ഡോ. ലളിതാംബികയ്ക്കെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തു. മനുഷ്യജീവനും സുരക്ഷയ്ക്കും അപകടമുണ്ടാക്കിയതിന് ബി.എൻ.എസ് 125, 125 (എ) വകുപ്പുകൾ പ്രകാരമാണ് കേസ്.
കൂടുതൽപേരെ പ്രതി ചേർത്തേക്കും. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ അസി. പ്രൊഫസർ ഡോ.ഷാഹിദ, നഴ്സ് പി.എസ്.ധന്യ അടക്കം അന്നത്തെ മെഡിക്കൽ സംഘത്തിലുള്ളവരെ പ്രതി ചേർത്തിട്ടില്ല. അതേസമയം, 2021 മെയ് 12ന് നടന്ന ശസ്ത്രക്രിയയുടെ തീയതിയും വർഷവും തെറ്റായാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് സാങ്കേതികപ്പിഴവാണെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തിൽ ആരോഗ്യവകുപ്പ് നിയോഗിച്ച മൂന്നംഗ വിദഗ്ദ്ധസംഘത്തിന്റെ റിപ്പോർട്ട് ഡി.എം.ഇക്ക് കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |