ലിലോംഗ്‌വേ: വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമയുടെ (51) മരണത്തിൽ അനുശോചിച്ച് തെക്കു കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയിൽ 21 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണ് ചിലിമ ഉൾപ്പെടെ ഒമ്പത് പേർ സഞ്ചരിച്ച വിമാനം തകർന്നുവീണത്. പത്ത് പേർ ഉണ്ടെന്നായിരുന്നു റിപ്പോർട്ടെങ്കിലും ഒമ്പത് പേരാണ് ഉണ്ടായിരുന്നതെന്ന് മലാവി സർക്കാർ ഇന്നലെ അറിയിച്ചു. ഔദ്യോഗിക ബഹുമതികളോടെ ചിലിമയുടെ സംസ്കാരച്ചടങ്ങ് നടത്തുമെന്ന് പ്രസിഡന്റ് ലസാറസ് ചക്‌വേരെ അറിയിച്ചു. തീയതി പ്രഖ്യാപിച്ചിട്ടില്ല. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സാംബിയൻ എയർ ഫോഴ്സിന്റെ ഹെലികോപ്റ്ററിൽ തലസ്ഥാനമായ ലിലോംഗ്‌വേയിൽ എത്തിച്ചു. തിങ്കളാഴ്ച രാവിലെ ലിലോംഗ്‌വേയിൽ നിന്ന് വടക്കൻ നഗരമായ എംസുസുവിലേക്കാണ് വിമാനം പറന്നത്. മോശം കാലാവസ്ഥ കാരണം ലിലോംഗ്‌വേയിലേക്ക് തിരിച്ചുവിട്ടു. ഇതിനിടെ റഡാറിൽ നിന്ന് അപ്രത്യക്ഷമായ വിമാനം പർവത പ്രദേശത്തെ കൊടുംകാട്ടിൽ തകർന്നുവീഴുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |