അസ്താന: 24 -ാമത് ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കസഖ്സ്ഥാനിലെത്തി. ഇന്ന് വിവിധ രാഷ്ട്രത്തലവൻമാർ പങ്കെടുക്കുന്ന ഉച്ചകോടിയുടെ പ്രധാന യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. രാജ്യ തലസ്ഥാനമായ അസ്താനയിൽ ഇന്നലെയാണ് ഉച്ചകോടി തുടങ്ങിയത്. ബെലറൂസ് വിദേശകാര്യ മന്ത്രി മാക്സിം റൈസെൻകൊവ്, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റൊവ്, യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസ് തുടങ്ങിയവരുമായി ജയശങ്കർ കൂടിക്കാഴ്ച നടത്തി. യുക്രെയിൻ യുദ്ധ മേഖലയിൽ ഇന്ത്യൻ പൗരന്മാർ അകപ്പെട്ടതിന്റെ ആശങ്ക അദ്ദേഹം ലവ്‌റൊവുമായി പങ്കുവച്ചു. ഇവരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതും അദ്ദേഹം ചർച്ച ചെയ്തു. അസ്താനയിലെ പുഷ്കിൻ പാർക്ക് സന്ദർശിച്ച ജയശങ്കർ ഇവിടുത്തെ മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ്, ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോ, തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗൻ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്
യൂറേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് എസ്.സി.ഒ. ചൈനയിലെ ബീജിംഗ് ആസ്ഥാനമായി 2001ൽ രൂപീകൃതമായ സംഘടനയിൽ ഇന്ത്യ, റഷ്യ, ചൈന, ഉസ്ബക്കിസ്ഥാൻ, പാകിസ്ഥാൻ, കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജികിസ്ഥാൻ, ഇറാൻ എന്നീ ഒമ്പത് രാജ്യങ്ങളാണ് അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |