ലണ്ടൻ: യു.കെ ആര് ഭരിക്കുമെന്ന് ഇന്നറിയാം. പ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ഋഷി സുനക് ഭരണം നിലനിറുത്തുമോ അതോ, കിയർ സ്റ്റാർമറിന്റെ നേതൃത്വത്തിലെ ലേബർ പാർട്ടി അധികാരം പിടിച്ചെടുക്കുമോ എന്ന് പുലർച്ചെയോടെ വ്യക്തമാകും. 14 വർഷമായി തുടരുന്ന കൺസർവേറ്റീവ് ഭരണം ലേബർ പാർട്ടി വമ്പിച്ച ഭൂരിപക്ഷത്തിൽ തകർക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ. എന്നാൽ, മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഋഷിയും സംഘവും. അവസാന നിമിഷം മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണെ ഇറക്കി പ്രചാരണം നടത്തിയത് ഗുണം ചെയ്യുമെന്നാണ് കൺസർവേറ്റീവ് നേതാക്കളുടെ വിലയിരുത്തൽ. എന്നാൽ, തീവ്ര ബ്രെക്സിറ്റ് അനുകൂലിയും കുടിയേറ്റ വിരുദ്ധനുമായ നൈജൽ ഫറാഷിന്റെ റിഫോം പാർട്ടി നല്ലൊരു ഭാഗം കൺസർവേറ്റീവ് വോട്ടുകൾ പിടിച്ചെടുക്കുമെന്നും കരുതുന്നു. പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഒഫ് കോമൺസിലെ 650 സീറ്റുകളിലേക്കാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. രാവിലെ 7ന് ആരംഭിച്ച പോളിംഗ് രാത്രി 10ന് (ഇന്ത്യൻ സമയം, ഇന്നലെ രാവിലെ 11.30 - ഇന്ന് പുലർച്ചെ 2.30) അവസാനിച്ചു. 326 സീറ്റുകളാണ് ഭൂരിപക്ഷം. ഇംഗ്ലണ്ട്, വെയ്‌ൽസ്, സ്കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ 40,000 പോളിംഗ് സ്റ്റേഷനുകളിലായി ഏകദേശം 4.6 കോടി പേർ വോട്ട് ചെയ്തു.
ഇന്ത്യൻ സമയം ഇന്ന് രാവിലെ 8.30ഓടെ പകുതി സീറ്റുകളിലെയും ഫലമറിയാം. ഉച്ചയോടെ ചിത്രം വ്യക്തമാകും. ലേബർ പാർട്ടി വിജയിച്ചാൽ ഋഷി ബക്കിംഗ്ഹാം പാലസിലെത്തി ചാൾസ് മൂന്നാമൻ രാജാവിന് മുന്നിൽ രാജിസമർപ്പിക്കണം. തുടർന്ന് സ്റ്റാർമറെ സർക്കാർ രൂപീകരണത്തിനായി ചാൾസ് ക്ഷണിക്കും. മറിച്ചായാൽ രാഷ്ട്രീയ ഭൂപടത്തിലെ ഏറ്റവും നാടകീയമായ ഒരു അട്ടിമറി വിജയത്തിനാകും യു.കെ സാക്ഷ്യം വഹിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |