അബുജ: പ്രളയക്കെടുതിയിൽ വലയുന്ന നൈജീരിയയ്ക്ക് 20 ടൺ മാനുഷിക സഹായ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൈജീരിയയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ അദ്ദേഹം ഇന്നലെ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഇക്കാര്യമറിയിച്ചത്.
കഴിഞ്ഞ മാസമുണ്ടായ പ്രളയത്തിൽ ജീവൻ നഷ്ടമായവർക്ക് മോദി അനുശോചനം രേഖപ്പെടുത്തി. 300ലേറെ പേരാണ് നൈജീരിയയിൽ മരിച്ചത്. മോദിയുടെ സന്ദർശനത്തിന് മുമ്പ് 15 ടൺ സഹായ പാക്കേജും ഇന്ത്യ നൈജീരിയയിലേക്ക് അയച്ചിരുന്നു. അതേസമയം, ഇന്ത്യയും നൈജീരിയയും തമ്മിലെ തന്ത്റപരമായ പങ്കാളിത്തവും ഉഭയകക്ഷി ബന്ധവും മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. സാംസ്‌കാരിക വിനിമയ പദ്ധതി, കസ്റ്റംസ്, സർവേ സഹകരണം എന്നിവ സംബന്ധിച്ച മൂന്ന് ധാരണാപത്രങ്ങളും ഒപ്പിട്ടു. 17 വർഷത്തിനു ശേഷമെത്തിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായതിനാൽ ഗംഭീരമായ വരവേൽപ്പാണ് നൈജീരിയ ഒരുക്കിയത്. ഫെഡറൽ ക്യാപിറ്റൽ ടെറിട്ടറി മന്ത്റി നൈസോം എസെൻവോ വൈക്ക് വിമാനത്താവളത്തിലെത്തി മോദിയെ സ്വീകരിച്ചു. അബുജയിലെ 'നഗരത്തിലേക്കുള്ള താക്കോൽ' മോദിക്ക് സമ്മാനിച്ചു. നൈജീരിയൻ ജനതയുടെ വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും പ്രതീകമാണ് ഈ താക്കോൽ. പ്രസിഡൻഷ്യൽ പാലസിൽ മോദിക്ക് ഔപചാരിക വരവേൽപ്പും നൽകി. അതേസമയം, ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി ഇന്നലെ രാത്രി ബ്രസീലിലേക്ക് തിരിച്ചു.
ബഹിരാകാശ നിലയം ഉടൻ
അബുജയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത മോദി വളർച്ചയുടെയും സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും ആഗോള പ്രതീകമായുള്ള ഇന്ത്യയുടെ ഉയർച്ചയെ പറ്റി സംസാരിച്ചു. വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള പുത്തൻ യാത്രയിലാണ് ഇന്ത്യയെന്നും പറഞ്ഞു. 'ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 30 ഇരട്ടിയോളം വളർന്നു. ഗഗൻയാൻ മിഷനിലൂടെ ഇന്ത്യക്കാർ ഉടൻ ബഹിരാകാശത്തെത്തും. വൈകാതെ നമ്മുടെ സ്വന്തം ബഹിരാകാശ നിലയവുമുണ്ടാകും" മോദി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |