ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ബംഗ്ലാദേശിലെ വീട് കലാപകാരികൾ ഇടിച്ചുനിരത്തി തീയിട്ടു. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവും ഹസീനയുടെ പിതാവുമായ മുജീബുർ റഹ്മാന്റെ ധാക്കയിലെ കുടുംബ വീടാണ് തകർത്തത്.
ബുധനാഴ്ച രാത്രിയാണ് ആയിരക്കണക്കിന് അക്രമികൾ ചരിത്ര സ്മാരകമായ വസതിയിലേക്ക് ഇരച്ചെത്തിയത്. ഇടക്കാല സർക്കാരിനെതിരെ നിലകൊള്ളണമെന്ന ഹസീനയുടെ പ്രസംഗം സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നതാണ് കലാപത്തിന് വീണ്ടും തിരികൊളുത്തിയത്. വടി, ചുറ്റിക തുടങ്ങി ആയുധങ്ങളുമായാണ് ഒരു വിഭാഗമെത്തിയത്. ക്രെയിനും മണ്ണുമാന്തി യന്ത്രവുമായി മറ്റൊരു വിഭാഗവുമെത്തി. തുടർന്ന് വസതിയും സ്വാതന്ത്ര്യ സ്മാരകവും ഇടിച്ചുനിരത്തി തീയിട്ടു.
ബുധനാഴ്ച രാത്രി ഒമ്പതിന് ഹസീന ഓൺലൈനായി അനുയായികളെ അഭിസംബോധന ചെയ്യുന്നത് തടയാൻ 'ബുൾഡോസർ ഘോഷയാത്ര" എന്ന പേരിൽ അക്രമികൾ റാലി സംഘടിപ്പിക്കുകയായിരുന്നു.
പ്രതിഷേധവുമായി ബംഗ്ലാദേശ്
ഹസീന സോഷ്യൽ മീഡിയയിലൂടെ അനുയായികളെ അഭിസംബോധന ചെയ്‌തതിന് ധാക്കയിലെ ഇന്ത്യൻ ആക്ടിംഗ് ഹൈക്കമ്മിഷണറോട് ബംഗ്ലാദേശ് പ്രതിഷേധം രേഖപ്പെടുത്തി. ഹസീന നിലവിൽ ഇന്ത്യയിലാണുള്ളത്. ഹസീന കെട്ടിച്ചമച്ച പ്രസ്താവനകളിലൂടെ രാജ്യത്ത് അസ്ഥിരതയുണ്ടാക്കുന്നെന്ന് ബംഗ്ലാദേശ് ആരോപിച്ചു. ഇന്ത്യയിൽ നിന്ന് നടത്തുന്ന ഇത്തരം പ്രസ്താവനകൾ തടയണമെന്നും ആവശ്യപ്പെട്ടു.
വിമോചന യുദ്ധത്തിന്റെ ശില്പങ്ങളും തകർത്തു
മുജീബുർ റഹ്മാന്റെ ധാക്കയിലെ മറ്റൊരു വസതി ആഗസ്റ്റിൽ അക്രമികൾ തീയിട്ടിരുന്നു. 1975ൽ അദ്ദേഹവും കുടുംബാംഗങ്ങളും ഇവിടെയാണ് കൊല്ലപ്പെട്ടത്. പിന്നീട് ഇവിടം മ്യൂസിയമായി. മെഹർപൂരിലെ പ്രസിദ്ധമായ മുജീബ്‌നഗർ ഷഹീദ് മെമ്മോറിയൽ കോംപ്ലക്‌സിലെ റഹ്മാന്റേതടക്കം 1971ലെ വിമോചന യുദ്ധത്തിന്റെ ഓർമ്മകൾ പ്രതിഫലിപ്പിക്കുന്ന ശില്പങ്ങൾ തകർത്തു. പാഠപുസ്തകങ്ങളിൽ റഹ്മാന്റെ 'രാഷ്ട്രപിതാവ്" എന്ന വിശേഷണം ഇടക്കാല സർക്കാർ നീക്കിയിരുന്നു.
ഹസീനയ്‌ക്ക് അഭയമായി ഇന്ത്യ
സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ച ഹസീന 2024 ആഗസ്റ്റിൽ ഇന്ത്യയിൽ അഭയം തേടി
പിന്നാലെ നോബൽ ജേതാവ് മുഹമ്മദ് യൂനുസ് തലവനായി ഇടക്കാല സർക്കാർ വന്നു
ഹസീനയുടെ പതനത്തോടെ രാജ്യത്ത് പെരുകിയ ആക്രമണം തടയുന്നതിൽ ഇടക്കാല സർക്കാർ പരാജയം
ഹസീന പാലിച്ച മതനിരപേക്ഷ നിലപാടിന് വിരുദ്ധമായി ഹിന്ദുക്കളടക്കം ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണം വ്യാപകം
ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നു. ഹസീനയുടെ വിസാ കാലാവധി ഇന്ത്യ നീട്ടി
ബംഗ്ലാദേശിലേക്കുള്ള മടക്കം ഹസീനയുടെ ജീവന് ഭീഷണി.
ഹസീനയ്ക്കും പാർട്ടിയിലെ ഉന്നതർക്കുമെതിരെ അറസ്റ്റ് വാറണ്ടും ഡസൻ കണക്കിന് കേസുകളും
അവർക്ക് ഒരു കെട്ടിടം തകർക്കാം. ചരിത്രത്തെ ഇല്ലാതാക്കാനാവില്ല. ഇതിനുള്ള മറുപടി ചരിത്രം നൽകും.
- ഷെയ്ഖ് ഹസീന
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |