ന്യൂഡൽഹി: റിപ്പോ നിരക്ക് വെട്ടിക്കുറച്ച് റിസർവ് ബാങ്ക്. റിസർവ് ബാങ്കിൽ നിന്ന് വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്പകളുടെ പലിശയായ റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ച് 6.25 ശതമാനമാക്കി. നിലവിലെ റിപ്പോ നിരക്ക് 6.50 ശതമാനമാണ്. അഞ്ച് വർഷത്തിന് ശേഷമാണ് റിസർവ് ബാങ്ക് പലിശ കുറയ്ക്കുന്നത്.
ഇതിനുമുമ്പ് 2020 മേയ് മാസത്തിലായിരുന്നു റിപ്പോ നിരക്ക് കുറച്ചത്. റിപ്പോ നിരക്ക് കുറച്ചതോടെ ഭവന, വാഹന, വ്യക്തിഗത, കോർപ്പറേറ്റ് വായ്പകളുടെ പലിശ ഭാരം കുറയും. കേന്ദ്ര ബഡ്ജറ്റിൽ ആദായ നികുതി ഭാരം കുറച്ചിരുന്നു. ഇതിനുപിന്നാലെയാണ് പലിശഭാരം കൂടി കുറയുന്നത്.
റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിൽ നടക്കുന്ന ആദ്യ ധന അവലോകന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. 2022 ഫെബ്രുവരിക്ക് ശേഷം റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല.
റിപ്പോ നിരക്ക് കുറയ്‌ക്കാൻ അനുകൂലമായ സാഹചര്യം
1. ഡിസംബറിൽ നാണയപ്പെരുപ്പം നാല് മാസത്തിനിടെയിലെ താഴ്ന്ന നിരക്കായ 5.22 ശതമാനത്തിലെത്തി.
2. ജൂലായ് മുതൽ സെപ്‌തംബർ ത്രൈമാസത്തിൽ ജി ഡി പി വളർച്ച 5.4 ശതമാനത്തിലേക്ക് താഴ്ന്നു.
3. ഉയർന്ന പലിശ നിരക്ക് നഗര ഉപഭോഗത്തെയും ഭവന, വാഹന മേഖലകളെയും തളർത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |