ടെൽ അവീവ്: ഗാസ വെടിനിറുത്തലിന്റെ ഭാഗമായി 8 ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്. ഇസ്രയേൽ സ്വദേശികളായ അർബൽ യഹൂദ് (29), ഗാഡി മോസസ് (80), അഗം ബർഗർ (20) എന്നിവരെയും അഞ്ച് തായ്ലൻഡ് പൗരന്മാരെയുമാണ് മോചിപ്പിച്ചത്. 110 പാലസ്തീനിയൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു.
ഇതോടെ ഹമാസ് മോചിപ്പിച്ച ബന്ദികൾ 15 ആയി. 19ന് പ്രാബല്യത്തിൽ വന്ന ആറാഴ്ച നീളുന്ന വെടിനിറുത്തലിനിടെ 33 ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാമെന്നാണ് ഹമാസിന്റെ ധാരണ. തായ് പൗരന്മാരുടെ മോചനം ഇസ്രയേൽ - ഹമാസ് കരാറിന്റെ ഭാഗമല്ല.
തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ വച്ചാണ് ഇന്നലെ ഏഴ് ബന്ദികളെ ഹമാസ് റെഡ് ക്രോസിന് കൈമാറിയത്. സൈനിക ഉദ്യോഗസ്ഥയായ അഗം ബർഗറിനെ വടക്കൻ ഗാസയിലെ ജബലിയയിൽ വച്ചാണ് മോചിപ്പിച്ചത്. ബന്ദികളുടെ വാഹനത്തിന് ചുറ്റും നൂറുകണക്കിന് പേർ തടിച്ചുകൂടിയത് ആശങ്ക സൃഷ്ടിച്ചിരുന്നു. അപകടകരമായ സാഹചര്യത്തിൽ തിക്കിലും തിരക്കിനുമിടെയിലൂടെ ബന്ദികളെ കൈമാറ്റം ചെയ്തതിനെതിരെ ഇസ്രയേൽ രംഗത്തെത്തി. ഹമാസിനുള്ള മുന്നറിയിപ്പായി നിശ്ചയിച്ചതിലും വൈകിയാണ് വെസ്റ്റ് ബാങ്കിലെ ഒഫർ ജയിലിൽ നിന്ന് പാലസ്തീനികളെ ഇസ്രയേൽ മോചിപ്പിച്ചത്. നാളെയാണ് ബന്ദി മോചനത്തിന്റെ അടുത്ത ഘട്ടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |