ഇസ്ലാമാബാദ്: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന് കിട്ടിയ ഇരട്ടി പ്രഹരമാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ (ബി.എൽ.എ) ആക്രമണം. ഓപ്പറേഷൻ സിന്ദൂറിന് ഏതാനും മണിക്കൂറുകൾക്ക് ശേഷം ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാക് സുരക്ഷാ സേനയ്ക്ക് നേരെ ബി.എൽ.എ ശക്തമായ രണ്ട് ആക്രമണങ്ങൾ നടത്തി. 14 പാക് സൈനികർ കൊല്ലപ്പെട്ടു. സംഭവത്തിന്റെ വീഡിയോ ബി.എൽ.എ തന്നെ പുറത്തുവിട്ടു.
മച് മേഖലയിലെ ഷോർകാണ്ഡിലാണ് ആദ്യ ആക്രമണമുണ്ടായത്. ഇവിടെ സൈനികർ സഞ്ചരിച്ച വാഹനം ബി.എൽ.എ വിമതർ സ്ഫോടനത്തിൽ തകർക്കുകയായിരുന്നു. രണ്ട് സ്പെഷ്യൽ കമാൻഡർമാർ അടക്കം 12 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. പിന്നാലെ കെചിൽ കുലാഗ് ടിഗ്രാൻ മേഖലയിലുണ്ടായ ആക്രമണത്തിൽ ബോംബ് സ്‌ക്വാഡിൽ ഉൾപ്പെട്ട 2 സൈനികരും കൊല്ലപ്പെട്ടു. സൈന്യത്തിനെതിരെ ആക്രമണം തുടരുമെന്ന് ബി.എൽ.എ അറിയിച്ചു. പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന വിവിധ ഗ്രൂപ്പുകളിൽ പ്രബലരാണ് ബി.എൽ.എ.
ആക്രമണം:സൂപ്പർ ലീഗ് മത്സരം മാറ്റിവച്ചു
റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടായെന്ന അവകാശവാദവുമായി പാകിസ്ഥാൻ. പിന്നാലെ ഇന്നലെ നടത്തേണ്ടിയിരുന്ന പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരം മാറ്റിവച്ചു. പെഷവാർ സാൽമിയും കറാച്ചി കിംഗ്സും തമ്മിലെ മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ആക്രമണമുണ്ടായതെന്നാണ് പാക് മാദ്ധ്യമങ്ങൾ പറയുന്നത്. അതേ സമയം, ഡ്രോണിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തെളിവ് എവിടെയെന്ന് ചോദ്യം; പരിഹാസ്യനായി പാക് മന്ത്റി
ഇന്ത്യൻ യുദ്ധവിമാനം വെടിവച്ചിട്ടെന്ന് പാക് പ്രതിരോധ മന്ത്റി ഖ്വാജ ആസിഫ് ഒരഭിമുഖത്തിൽ അവകാശപ്പെട്ടിരുന്നു. എന്നാൽ അതിന് തെളിവ് എവിടെ എന്ന ചോദ്യത്തിന് നൽകിയ മറുപടിയിലൂടെ ലോകത്തിന് മുൻപിൽ സ്വയം പരിഹാസ്യനായി മാറി. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച ചില വീഡിയോകളാണ് മന്ത്റി തെളിവായി കാട്ടിയത്.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ തിരിച്ചടിച്ചെന്നും ഇന്ത്യൻ വ്യോമസേനയുടെ അഞ്ച് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്നുമാണ് ഖ്വാജ ആസിഫ് അഭിമുഖത്തിൽ അവകാശപ്പെട്ടത്. തകർന്ന വിമാനങ്ങളുടെ തെളിവ് എവിടെയെന്ന് മാദ്ധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ വിചിത്രമായിരുന്നു മറുപടി.
'എല്ലായിടത്തും വീഡിയോകളുണ്ട്. പാകിസ്ഥാനികളുടെ സമൂഹ മാദ്ധ്യമത്തിൽ മാത്രമല്ല, ഇന്ത്യക്കാരുടെ സമൂഹ മാദ്ധ്യമങ്ങളിലുമുണ്ട്.' ആധികാരികമായ തെളിവ് പുറത്തുവിടാതെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച വീഡിയോകൾ തെളിവായി ഒരു രാജ്യത്തിന്റെ പ്രതിരോ രധ മന്ത്റി ചൂണ്ടിക്കാട്ടിയത് ആഗോള തലത്തിൽ രൂക്ഷവിമർശനത്തിന് ഇടയാക്കി. പരിഹാസത്തിനും.
# പരിഹരിക്കാൻ ആഗ്രഹം
പാകിസ്ഥാൻ ശക്തമായി തിരിച്ചടിക്കും എന്ന് പറയുമ്പോൾ തന്നെ സംഘർഷം പരിഹരിക്കാനുള്ള ആഗ്രഹവും ഖ്വാജ ആസിഫ് സൂചിപ്പിച്ചു. ഈ സംഘർഷം ഒരു പൂർണ്ണ യുദ്ധമായി തീരാനുള്ള സാദ്ധ്യതയുണ്ടെന്നും അത് ഒഴിവാക്കാൻ തങ്ങൾ ശ്രമിക്കുകയാണെന്നും പറഞ്ഞു. മറ്റൊരു അഭിമുഖത്തിൽ നിലപാട് വീണ്ടും മയപ്പെടുത്തി:
'ഞങ്ങൾ ഇന്ത്യയോട് ശത്രുതാപരമായ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് കഴിഞ്ഞ രണ്ടാഴ്ചയായി പറഞ്ഞുവരുന്നു. പക്ഷേ ഞങ്ങൾ ആക്രമിക്കപ്പെട്ടാൽ പ്രതികരിക്കും. ഇന്ത്യ പിന്മാറിയാൽ, തീർച്ചയായും ഈ പിരിമുറുക്കം ഞങ്ങൾ അവസാനിപ്പിക്കും.'- എന്നായിരുന്നു പ്രതികരണം. എന്തായാലും പാക് മന്ത്രിയുടെ പരാമർശങ്ങൾ പരിഹാസത്തിനുകാരണമായി.
വ്യോമഗതാഗതത്തിന് തടസം
ഇന്ത്യയിൽ വടക്കുപടിഞ്ഞാറ് മദ്ധ്യമേഖലകളിലുള്ള 27 വിമാനത്താവളങ്ങളിലെ വാണിജ്യ വിമാന സർവീസുകൾ ശനിയാഴ്ച രാവിലെ 5.29 വരെ നിറുത്തിവച്ചു. വ്യാഴാഴ്ച മാത്രം 430 സർവീസുകളാണ് റദ്ദാക്കിയത്. രാജ്യത്തെ ആകെ ഷെഡ്യൂൾഡ് സർവീസുകളുടെ മൂന്നുശതമാനമാണ് ഇത്. പാകിസ്ഥാൻ 147 വിമാനസർവീസുകൾ റദ്ദാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. അവരുടെ പ്രതിദിന സർവീസുകളുടെ 17 ശതമാനമാണിത്.
ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗർ, അമൃത്സർ, ലുധിയാന, പട്യാല, ഭട്ടിൻഡ, ഹൽവാര, പഠാൻകോട്ട്, ഭുംതർ, ഷിംല, ഗാഗ്ഗൽ, ധർമശാല, കിഷൻഗഢ്, ജയ്സൽമേർ, ജോധ്പുർ, ബിക്കാനീർ, മുന്ദ്ര, ജാംനഗർ, രാജ്‌കോട്ട്, പോർബന്ദർ, കാണ്ട്ല, കേശോദ്, ഭുജ്, ഗ്വാളിയർ, ഹിൻഡൻ തുടങ്ങിയ വിമാനത്താവളങ്ങളിലാണ് സർവീസ് നിർത്തിവെച്ചിട്ടുള്ളത്.
കാശ്മീർ മുതൽ ഗുജറാത്ത് വരെയുള്ള വ്യോമമേഖലയിലും പാകിസ്ഥാൻ വ്യോമമേഖലയിലും വ്യാഴാഴ്ച സിവിലിയൻ വിമാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ആഗോള വിമാന ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായ ഫ്‌ളൈറ്റ് റഡാർ 24 റിപ്പോർട്ട് ചെയ്യുന്നുണ്ട്. രാജ്യത്തെ 250 വിമാനസർവീസുകൾ വ്യാഴാഴ്ച റദ്ദാക്കിയിരുന്നു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് രാജ്യം. കശ്മീരിൽ നിയന്ത്രണങ്ങൾ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്. തന്ത്രപ്രധാന കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |