കീവ്: റഷ്യൻ ആക്രമണം തുടരുന്നതിനിടെ യുക്രെയിന് ഐക്യദാർഢ്യവുമായി പാശ്ചാത്യ നേതാക്കൾ തലസ്ഥാനമായ കീവിലെത്തി. യുക്രെയിനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിന്റെ മൂന്നാം വാർഷികമായിരുന്നു ഇന്നലെ. കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, നോർവേ പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോർ തുടങ്ങി 13 യൂറോപ്യൻ രാഷ്ട്രത്തലവൻമാരുമാണ് ഇന്നലെ ട്രെയിൻ മാർഗ്ഗം കീവിലെത്തിയത്. ഇവർ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായി നടത്തിയ സംയുക്ത യോഗത്തിൽ മറ്റ് 20ലേറെ രാജ്യങ്ങളും പങ്കെടുത്തു.
യുദ്ധം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സെലെൻസ്കിക്ക് മേൽ സമ്മർദ്ദം ശക്തമാക്കുന്നതിനിടെയാണ് പിന്തുണയുമായി നേതാക്കൾ എത്തിയത്. യുക്രെയിൻ യുദ്ധം നീളുന്നതിൽ സെലെൻസ്കിയേയും യൂറോപ്യൻ യൂണിയനേയും ട്രംപ് വിമർശിച്ചിരുന്നു.
അതേ സമയം, റഷ്യ ഇന്നലെ പുലർച്ചെ രാജ്യത്തിന് നേരെ 185 ഡ്രോണുകൾ വിക്ഷേപിച്ചെന്നും 113 എണ്ണത്തെ വെടിവച്ചിട്ടെന്നും യുക്രെയിൻ സൈന്യം അറിയിച്ചു. ആളപായമില്ല. യുക്രെയിന്റെ ഡ്രോണുകൾ റഷ്യയിലെ റയാസാൻ നഗരത്തിലെ എണ്ണ ശുദ്ധീകരണ ശാലയും ആക്രമിച്ചു.
യു.എസുമായി കരാർ:
ചർച്ച അന്തിമ ഘട്ടത്തിൽ
യുക്രെയിൻ-യു.എസ് ധാതു കരാർ സംബന്ധിച്ച ചർച്ച അവസാന ഘട്ടത്തിലെന്ന് സൂചന. സാമ്പത്തിക, സൈനിക സഹായത്തിന് പ്രതിഫലമായി യുക്രെയിനിലെ 500 ബില്യൺ ഡോളറിന്റെ അപൂർവ്വ ധാതു സമ്പത്ത് യു.എസിന് നൽകാനുള്ളതാണ് കരാർ. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച കരാറിനെ സെലെൻസ്കി എതിർത്തിരുന്നു. എന്നാൽ, സമ്മർദ്ദം ചെലുത്തി കരാർ നേടാനുള്ള ശ്രമത്തിലാണ് യു.എസ്. കരാർ അംഗീകരിച്ചില്ലെങ്കിൽ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സർവീസ് വിച്ഛേദിക്കുമെന്ന് യു.എസ് മുന്നറിയിപ്പ് നൽകിയെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |