അഹമ്മദാബാദ്: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തമായി അഹമ്മദാബാദിലേത് മാറിയിരിക്കുകയാണ്. 29 വർഷങ്ങൾക്ക് മുമ്പ് ചർഖി ദാദ്രിയിൽ 349 പേരുടെ ജീവനെടുത്ത വിമാനാപകടമാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിലെ ഏറ്റവും വലിയ വിമാന ദുരന്തം. അന്ന് 349 പേർക്കാണ് ജീവൻ നഷ്ടമായത്.
1996 നവംബർ 12ന് സൗദി അറേബ്യൻ എയർലൈൻസിന്റെ ബോയിംഗ് 747 വിമാനവും കസാക്കിസ്ഥാൻ എയർലൈൻസിന്റെ ഇല്യൂഷിൻ 276 വിമാനവും ചർഖി ദാദ്രിയിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഡൽഹി വിമാനത്താവളത്തിന് 100 കിലോമീറ്റർ അകലെ ഹരിയാനയിൽ വച്ചായിരുന്നു അപകടം. ഇരുവിമാനങ്ങളിലെയും യാത്രക്കാരായ 349 പേർ മരണപ്പെടുകയും ചെയ്തു. സൗദി വിമാനം ഡൽഹിയിൽനിന്ന് ജിദ്ദയിലേക്കും കസാക്കിസ്ഥാൻ വിമാനം ഡൽഹിയിലേക്കും വരുന്നതിനിടെയായിരുന്നു അപകടം.
23,000 അടി ഉയരത്തിൽനിന്ന് 15,000 അടിയിലേക്ക് താഴാൻ കസാക്ക് എയർലൈൻസിന് ഡൽഹി എയർപോർട്ട് കൺട്രോളിൽ നിന്ന് നിർദ്ദേശം ലഭിച്ച അതേസമയത്ത് 14,000 അടി ഉയരത്തിൽവരെ ഉയർന്ന് പറക്കാൻ സൗദി വിമാനത്തിന് നിർദ്ദേശം ലഭിച്ചു. വി.കെ ദത്തയെന്ന കൺട്രോളർക്കായിരുന്നു ഇരു വിമാനത്തിന്റേയും നിയന്ത്രണം. ഇരുവിമാനങ്ങൾക്കുമിടയിലെ ആയിരം അടി ഉയരമെന്ന വ്യത്യാസമായിരുന്നു ഉദ്യോഗസ്ഥർ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, കസാക്ക് വിമാനത്തിന് ഈ ഉയരവ്യത്യാസം പാലിക്കാൻ സാധിച്ചില്ല. ഇതോടെ ഒരേ ദിശയിലായ ഇരു വിമാനങ്ങളും കൂട്ടിയിടിക്കുകയായിരുന്നു.
കസാക്ക് വിമാനത്തിലെ പൈലറ്റിന് ഇംഗ്ലീഷ് ഭാഷയുടെ പരിജ്ഞാനക്കുറവുമൂലം കൺട്രോൾ റൂമിൽനിന്ന് നൽകിയ നിർദ്ദേശം പാലിക്കാൻ സാധിക്കാത്തതാണ് അപടകാരണമെന്നാണ് പിന്നീട് നടന്ന അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ മോശം കാലാവസ്ഥകൊണ്ടാവാമെന്നായിരുന്നു കസാക്ക് അധികൃതരുടെ വാദം. ഇതിനുശേഷമാണ് രാജ്യത്തിന് പുറത്തുള്ള എല്ലാ വിമാനങ്ങൾക്കും എയർബോൺ കൊളിഷൻ അവോയ്ഡ് സിസ്റ്റം നിർബന്ധമാക്കിയത്. പൈലറ്റുമാർക്ക് മറ്റ് വിമാനങ്ങളുടെ സാന്നിദ്ധ്യമോ ഏതെങ്കിലും അപകട വസ്തുക്കളോ സംബന്ധിച്ച് ഓട്ടോമാറ്റിക് ആയി വിവരങ്ങൾ കൈമാറുന്ന സംവിധാനമാണിത്.
അന്നും ഒരു ജൂണിൽ..
ടൊറന്റോ: നാല് പതിറ്റാണ്ടുകൾക്ക് മുന്നേ...അന്നും ഒരു ജൂണിൽ എയർ ഇന്ത്യയുടെ ഒരു കൂറ്റൻ വിമാനം ആകാശത്ത് ചിറകറ്റുവീണു. 1985 ജൂൺ 23നായിരുന്നു ആ ദുരന്തം. കാനഡയിലെ മൊൺട്രിയലിൽ നിന്ന് ലണ്ടൻ, ഡൽഹി വഴി മുംബയ് ലക്ഷ്യമാക്കി പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 747 - 237B വിമാനം അഥവാ 'ഫ്ലൈറ്റ് 182 - എംപറർ കനിഷ്ക" ഐറിഷ് തീരത്തിന് സമീപം അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിൽ വച്ച് പൊട്ടിത്തെറിച്ചു. ജീവനക്കാരടക്കം 329 പേരും കൊല്ലപ്പെട്ടു. മരിച്ചവരിൽ കൂടുതലും കനേഡിയൻ പൗരന്മാർ ആയിരുന്നു. 1970ൽ കാനഡയിലേക്ക് ചേക്കേറിയ ഖാലിസ്ഥാൻവാദിയായ തൽവീന്ദർ സിംഗ് പർമറായിരുന്നു കനിഷ്ക ദുരന്തത്തിന്റെ മാസ്റ്റർമൈൻഡ്. ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലിന്റെ സ്ഥാപകനും ഇയാളായിരുന്നു. വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നാണ് എംപറർ കനിഷ്ക ദുരന്തം. കനിഷ്ക ദുരന്തത്തിന് ശേഷം ഇന്ത്യയിലെത്തിയ പർമർ 1992ൽ പഞ്ചാബ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. 1984ൽ സുവർണക്ഷേത്രത്തിൽ നടന്ന ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനെതിരെയുള്ള പ്രതികാരമായിരുന്നു കനിഷ്ക ദുരന്തം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |