ഡമാസ്‌കസ്: യു.എസ് ഇടപെടലിന് പിന്നാലെ സിറിയയിലെ ഇസ്രയേൽ ആക്രമണത്തിന് താത്കാലിക ശമനം. തെക്കൻ സിറിയയിലെ സുവെയ്ദ നഗരത്തിൽ നിന്ന് സർക്കാർ സേനയെ പിൻവലിച്ചു. ഇവിടെ ന്യൂനപക്ഷമായ ഡ്രൂസ് മതവിഭാഗക്കാരുമായി സിറിയൻ സേന ഏറ്റുമുട്ടിയതോടെ ഡമാസ്‌കസിലടക്കം ഇസ്രയേൽ വ്യോമാക്രമണം നടത്തുകയായിരുന്നു. ഡ്രൂസുകൾക്കെതിരെ വീണ്ടും ഏറ്റുമുട്ടലുകളുണ്ടായാൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ അറിയിച്ചു.
ഡ്രൂസുകളുടെ സംരക്ഷണം തങ്ങളുടെ നയമാണെന്നും ഇസ്രയേലിനോട് ചേർന്ന അതിർത്തി പ്രദേശങ്ങളിൽ സിറിയൻ സൈന്യത്തെ പിൻവലിക്കണമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. അതേ സമയം, ഇസ്രയേൽ സിറിയയെ തകർക്കാൻ ശ്രമിക്കുകയാണെന്നും ഡ്രൂസ് വിഭാഗക്കാരെ സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബന്ധരാണെന്നും സിറിയൻ പ്രസിഡന്റ് അഹ്‌മ്മദ് അൽ-ഷറാ പ്രതികരിച്ചു. ഡ്രൂസ് പൗരന്മാരെ സംരക്ഷിക്കാനുള്ള ചുമതല തങ്ങൾക്കാണെന്നും ബാഹ്യ ഇടപെടലുകൾ ആവശ്യമില്ലെന്നും സിറിയയ്ക്ക് യുദ്ധത്തെ ഭയമില്ലെന്നും ഷറാ കൂട്ടിച്ചേർത്തു.
ഞായറാഴ്ച സുവെയ്ദയിൽ ഡ്രൂസ്, ബെദൂയിൻ വിഭാഗങ്ങൾ തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. സംഘർഷം പരിഹരിക്കാൻ നഗരത്തിൽ പ്രവേശിച്ച സർക്കാർ സേന, ഒടുവിൽ ഡ്രൂസ് വിഭാഗക്കാരുമായി ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. തുടർന്ന് സിറിയൻ സർക്കാർ സേനയുടെ പിന്മാറ്റം ആവശ്യപ്പെട്ട് ബുധനാഴ്ച ഡമാസ്‌കസിൽ ഇസ്രയേൽ ശക്തമായ വ്യോമാക്രമണം നടത്തുകയായിരുന്നു. ഞായറാഴ്ച മുതൽ 350ലേറെ പേരാണ് സുവെയ്ദയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |