വാഷിംഗ്ടൺ: യു.എസിലെ അലാസ്‌കയിൽ റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ആളപായമോ നാശനഷ്ടമോ ഇല്ല. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 2.07ന് (പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്ക് 12.37) സാൻഡ് പോയിന്റ് നഗരത്തിൽ നിന്ന് 55 മൈൽ തെക്കായി കടലിൽ 19 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. തുടർന്ന് തെക്കൻ അലാസ്കയിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും വൈകാതെ പിൻവലിച്ചു. ഭൂചലനത്തിന്റെ പ്രകമ്പനം നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള പ്രദേശങ്ങളിൽ വരെ അനുഭവപ്പെട്ടിരുന്നു. സുനാമി മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കോഡിയാക്, സാൻഡ് പോയിന്റ്, ഉനലാസ്‌ക തുടങ്ങിയ ഇടങ്ങളിൽ കടലിനോട് ചേർന്ന് താമസിക്കുന്നവരെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു.
അതേസമയം, 1964 മാർച്ചിൽ അലാസ്കയിൽ റിക്ടർ സ്കെയിലിൽ 9.2 തീവ്രതയിലെ ശക്തമായ ഭൂകമ്പം രേഖപ്പെടുത്തിയിരുന്നു. വടക്കേ അമേരിക്കയിലുണ്ടായ ഏറ്റവും തീവ്രതയേറിയ ഭൂചലനമായിരുന്നു ഇത്. ഭൂകമ്പത്തിന് പിന്നാലെ അലാസ്കൻ ഉൾക്കടൽ, യു.എസിന്റെ പടിഞ്ഞാറൻ തീരം, ഹവായി എന്നിവിടങ്ങളിൽ സുനാമിത്തിരകൾ ആഞ്ഞുവീശി. 250ലേറെ പേരാണ് ഭൂകമ്പത്തിലും സുനാമിയിലുമായി മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |