ടെൽ അവീവ്: സ്വതന്ത്ര പാലസ്തീൻ രാഷ്ട്രത്തിനായി അന്താരാഷ്ട്ര പിന്തുണ വർദ്ധിക്കവെ, പിന്നോട്ടില്ലെന്ന് ഉറച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പാലസ്തീനെ അംഗീകരിക്കുന്നത് ഭീകരവാദത്തിന് നൽകുന്ന വലിയ സമ്മാനമാണെന്ന് നെതന്യാഹു പറഞ്ഞു.
പാലസ്തീൻ എന്ന രാഷ്ട്രം ഒരിക്കലും സ്ഥാപിക്കപ്പെടില്ലെന്നും ഹമാസിനെ ഇല്ലാതാക്കി ഗാസ യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുമെന്നും അദ്ദേഹം വെല്ലുവിളിച്ചു. യു.കെ, കാനഡ, ഓസ്ട്രേലിയ എന്നിവർക്ക് പിന്നാലെ പോർച്ചുഗലും പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചു. ഇതോടെ, 193 അംഗ ഐക്യരാഷ്ട്ര സഭയിൽ (യു.എൻ) പാലസ്തീനെ പിന്തുണച്ച രാജ്യങ്ങളുടെ എണ്ണം 151 ആയി.
ഫ്രാൻസ്, ബെൽജിയം, മാൾട്ട, ലക്സംബർഗ് തുടങ്ങിയ രാജ്യങ്ങളും അംഗീകാരം നൽകും. നീക്കങ്ങൾക്ക് തിരിച്ചടി നൽകുമെന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. വെസ്റ്റ് ബാങ്കിലെ കുടിയേറ്റം തുടരുമെന്നും വ്യക്തമാക്കി.
അതേ സമയം, യു.എസിലെ ന്യൂയോർക്കിൽ യു.എൻ ജനറൽ അസംബ്ലി 80 -ാം സെഷന്റെ ഉന്നത തല യോഗങ്ങൾ ഇന്ന് തുടങ്ങി 29ന് അവസാനിക്കും. ഗാസ പ്രധാന ചർച്ചയാകും. ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതും ഗാസ വിഷയം സമാധാനപരമായി പരിഹരിക്കുന്നതും ചർച്ച ചെയ്യാൻ ഫ്രാൻസിന്റെയും സൗദി അറേബ്യയുടെയും അദ്ധ്യക്ഷതയിൽ ഇന്നലെ പ്രത്യേക യോഗം ചേർന്നു.
മരണം 65,340
ഗാസയിൽ ഇസ്രയേലിന്റെ തീവ്ര ആക്രമണം തുടരുന്നു. ഇന്നലെ മാത്രം 37 പേർ കൊല്ലപ്പെട്ടതോടെ ആകെ മരണം 65,340 കടന്നു. കരയാക്രമണം രൂക്ഷമായ ഗാസ സിറ്റിയിൽ രണ്ട് ആശുപത്രികളുടെ പ്രവർത്തനം നിറുത്തിവച്ചു. മതിയായ ചികിത്സ കിട്ടാതെ പരിക്കേറ്റവർ മരണത്തിന്റെ വക്കിലാണെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
ഇസ്രയേലുമായി സഹകരിച്ച
3 പേരെ വധിച്ച് ഹമാസ്
ഇസ്രയേലുമായി സഹകരിച്ചെന്ന പേരിൽ മൂന്ന് പേരെ പരസ്യമായി വെടിവച്ചു കൊന്ന് ഹമാസ്. ഞായറാഴ്ചയായിരുന്നു സംഭവം. ഗാസ സിറ്റിയിൽ ഹമാസ് അംഗങ്ങൾ ജനക്കൂട്ടത്തിന് മുന്നിൽ വച്ച് ഇവരെ മർദ്ദിക്കുന്നതിന്റെയും വെടിവയ്ക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. ഇസ്രയേലിനൊപ്പം ചേരുന്നവർക്കുള്ള ശിക്ഷ ഇതാണെന്ന് മുന്നറിയിപ്പും നൽകി. ഇതിനിടെ, ഗാസയിൽ 60 ദിവസത്തെ വെടിനിറുത്തൽ നടപ്പാക്കണെന്നും പകുതി ബന്ദികളെ മോചിപ്പിക്കാമെന്നും കാട്ടി ഹമാസ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കത്തയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |