പാരീസ്: നൂറ്റാണ്ടിന്റെ കൊള്ള! ലോകം ഇത്രയും അന്താളിച്ചുപോയൊരു മോഷണം ഈ നൂറ്റാണ്ടിലുണ്ടായിട്ടില്ല. വിശ്വപ്രസിദ്ധമായ ലൂവ്ര് മ്യൂസിയത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന അപൂർവ ആഭരണങ്ങൾ ഏഴു മിനിട്ടിൽ അതിവിദഗ്ദ്ധമായി കട്ടവരെ കണ്ടെത്താൻ കച്ചകെട്ടി ബ്രിഗേഡ് ഡി റിപ്രഷൻ ഡു ബാൻഡിറ്റിസ്മെ (ബി.ആർ.ബി ). കവർച്ചകൾ, തട്ടിപ്പുകൾ തുടങ്ങി സംഘടിതവും ഗുരുതരവുമായ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക പോലീസ് യൂണിറ്റുകളാണ് ബി.ആർ.ബി. 100ഓളം ഏജന്റുമാരാണിതിലുള്ളത്.
നിലവിലെ അന്വേഷണ റിപ്പോർട്ട് അനുസരിച്ച് നാല് പേരാണ് മോഷണത്തിനുണ്ടായിരുന്നത്. എന്നാൽ പിന്നിൽ എത്ര പേരെന്നത് വ്യക്തമായിട്ടില്ല.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ലൂവ്ര് ഉൾപ്പെടെ നിരവധി ഫ്രഞ്ച് മ്യൂസിയങ്ങൾ കൊള്ളക്കാർ ലക്ഷ്യമിട്ടിരുന്നതായാണ് വിവരം.
മ്യൂസിയത്തിന്റെ തെക്കുകിഴക്കൻ വശത്തെ റോഡിൽ യന്ത്രഗോവണി സ്ഥാപിച്ച് നിറുത്തിയിട്ടുള്ള ട്രക്കിൽ നിന്നാണ് മോഷ്ടാക്കൾ മ്യൂസിയത്തിലേക്ക് പ്രവേശിച്ചത്. രാവിലെ 9.30 നാണ് മ്യൂസിയത്തിലേക്ക് ഇവർ കയറി തുടങ്ങിയത്. 9.34 ന് അറ്റകുറ്റപ്പണികൾ നടക്കുന്ന മ്യൂസിയത്തിന്റെ ഭാഗത്തുകൂടെ അകത്തുകയറി. ബാൽക്കണിയിലെ ജനാല തകർത്ത് അപ്പോളോ ഗാലറിയിലേക്ക. ചില്ലുകൂടുകൾ തകർത്ത് ഒമ്പത് രത്നങ്ങൾ കവർന്നു. അതിവേഗം തിരിച്ചിറങ്ങി സ്‌കൂട്ടറിൽ കയറി രക്ഷപ്പെട്ടു. ഇവർ ഏതുവഴി രക്ഷപ്പെട്ടു എന്നതടക്കം അധികൃതരെ കുഴക്കുകയാണ്.
മോഷ്ടാക്കളെ പിടികൂടാനാ ലും മോഷ്ടിക്കപ്പെട്ട ആഭരണങ്ങൾ തിരികെ കിട്ടുക സംശയകരമാണെന്നാണ് കേന്ദ്ര ഓഫീസിലെ മുൻ അംഗമായ കൊറിൻ ചാർട്രെൽ പറയുന്നത്. രൂപമാറ്റം വരുത്തുകയോ വജ്രങ്ങൾ ചെറിയ കഷണങ്ങളായി മുറിക്കുകയോ ഉരുക്കുകയോ ചെയ്യാമെന്നും,ആഭരണങ്ങൾ വീണ്ടെടുക്കൽ അസാധ്യമാണെന്ന് മരിനെല്ലോ കൂട്ടിച്ചേർത്തു. രാജ്യത്തെ മ്യൂസിയങ്ങളിലെ സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടി വ്യാപക പ്രതിഷേധവും ഉയരുകയാണ്. രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കാൻ കഴിയാത്തത് അങ്ങേയറ്റം അപമാനകരമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.യൂറോപ്പിലുൾപ്പടെ ഇത്തരം കൊള്ളകൾ വർദ്ധിച്ചുവരികയാണെന്ന് ആർട്ട് റിക്കവറി ഇന്റർനാഷണലിന്റെ ക്രിസ്റ്റഫർ മരിനെല്ലോ പറഞ്ഞു.
കഴിഞ്ഞ ദിവസം,മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിലെ ചില്ല് കൂട് തകർത്ത് ആഭരണങ്ങൾ കവരുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.എട്ട് മിനിറ്റിനുള്ളിൽ 9 ആഭരണങ്ങളാണ് ആകെ മോഷ്ടിക്കപ്പെട്ടത്. ഇതിൽ നെപ്പോളിയൻ മൂന്നാമന്റെ ഭാര്യയായ യൂജിനി രാജ്ഞിയുടെ കിരീടം മ്യൂസിയത്തിന്റെ അടുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മ്യൂസിയം ഇന്നലെയും പൊതുജനങ്ങൾക്കായി തുറന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |