
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പർവേസ് മുഷറഫിന്റെ ഭരണകാലത്ത് അവിടുത്തെ ആണവായുധങ്ങളുടെ നിയന്ത്റണം യു.എസിന് നൽകിയിരുന്നെന്ന് വെളിപ്പെടുത്തൽ. അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയായ സി.ഐ.എയിലെ മുൻ ഉദ്യോഗസ്ഥൻ ജോൺ കിരിയാക്കോ ഒരു അഭിമുഖത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്.
യു.എസ് കോടിക്കണക്കിന് ഡോളർ നൽകി മുഷറഫിനെ വിലയ്ക്ക് വാങ്ങിയെന്നും ജോൺ പറയുന്നു. ഭീകരരുടെ കൈവശം ആണവായുധങ്ങൾ എത്താതിരിക്കാനായിരുന്നു യു.എസിന്റെ നീക്കമെന്നും മുഷറഫ് ഭരണകൂടവുമായി യു.എസിന് മികച്ച ബന്ധമായിരുന്നെന്നും കൂട്ടിച്ചേർത്തു.
അൽ ക്വഇദ മുൻ തലവൻ ഒസാമ ബിൻ ലാദൻ 2001ൽ അഫ്ഗാനിലെ തോറബോറ മലനിരകളിൽനിന്ന് പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടത് സ്ത്രീ വേഷത്തിലായിരുന്നെന്നും ജോൺ പറഞ്ഞു. വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ലാദനെ 2011ൽ പാകിസ്ഥാനിലെ അബോട്ടാബാദിൽ വച്ചാണ് യു.എസ് കമാൻഡോകൾ വധിച്ചത്. 15 വർഷം സി.ഐ.എയിൽ പ്രവർത്തിച്ച ജോൺ, പാകിസ്ഥാനിലെ ഭീകര വിരുദ്ധ ദൗത്യങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |