
ബീജിംഗ്: 1,100 പൂച്ചകളെ സ്വതന്ത്രമാക്കിക്കൊണ്ട് ചൈനയിലെ ഒരുകൂട്ടം ബുദ്ധമത വിശ്വാസികൾ നടത്തിയ പരമ്പരാഗത ചടങ്ങ് ദുരന്തത്തിൽ കലാശിച്ചു. ഈ മാസം ഒന്നിന് ഗ്വാങ്ങ്ഡോങ്ങ് പ്രവിശ്യയിലെ ക്വിംഗ്‌യുവാനിലായിരുന്നു സംഭവമെന്ന് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രക്കിലെത്തിച്ച പൂച്ചകളെ കൂട്ടമായി തുറന്നുവിടുകയായിരുന്നു.
പൂച്ച, മത്സ്യം, ആമ, പക്ഷികൾ തുടങ്ങിയ ജീവികളെ പ്രകൃതിയിലേക്ക് സ്വതന്ത്രമാക്കി ആത്മീയ പുണ്യം നേടാനാണ് വിശ്വാസികൾ ഈ ആചാരം പിന്തുടരുന്നത്. എന്നാൽ ഇവിടെ പൂച്ചകളെ കൂട്ടമായി തുറന്നുവിടാൻ തിരഞ്ഞെടുത്തത് സംരക്ഷിത മേഖലയായ യിങ്ങ്സുയി തടാകത്തിന്റെ കരയെ ആണ്. ട്രക്കിലെ കൂട്ടിൽ നിന്ന് സ്വതന്ത്രമാക്കപ്പെട്ട പൂച്ചകൾ തടാകം കണ്ടതോടെ വിരണ്ടു.
പരിഭ്രാന്തരായി തലങ്ങും വിലങ്ങും ഓടിയ പൂച്ചകളിൽ ചിലത് സമീപത്തെ മരങ്ങളിൽ ചാടിക്കയറി. തടാകത്തിലേക്ക് എടുത്തുചാടിയ ഏതാനും പൂച്ചകൾ കരയിലെത്താനാകാതെ മുങ്ങിച്ചത്തു. ഇവയെ രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും കാര്യമായ ഫലംകണ്ടില്ല. ആനിമൽ പ്രൊട്ടക്ഷൻ വോളന്റിയർമാർ സ്ഥലത്തെത്തിയപ്പോഴേക്കും തടാകത്തിൽ നിന്ന് രക്ഷപ്പെട്ട പൂച്ചകൾ വിറച്ച് അവശനിലയിലായിരുന്നു. ചിലതിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു.
സംഭവത്തിന്റെ വീഡിയോ വൈറലായതോടെ മൃഗസ്നേഹികൾ രൂക്ഷവിമർശനവുമായി രംഗത്തെത്തി.
യാത്ര അടക്കം 30,997 യുവാനാണ് പൂച്ചകളെ എത്തിക്കുന്നതിന് സംഘാടകർക്ക് ചെലവായത്. 2023ലും സമാന ആചാരത്തിനിടെ ഡസൻകണക്കിന് പൂച്ചകൾക്ക് ഇവിടെ ജീവൻ നഷ്ടമായിരുന്നു.
2021ൽ ജിയാംഗ്സൂ പ്രവിശ്യയിൽ, 12.5 ടൺ ക്യാറ്റ് ഫിഷുകളെ തടാകത്തിലേക്ക് സ്വതന്ത്രമാക്കിയ യുവതിക്കെതിരെ അധികൃതർ കേസെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |