
മെക്സിക്കോ സിറ്റി: മെക്‌സിക്കോയിൽ സർക്കാരിനെതിരെ യുവജന (ജെൻ-സി) പ്രക്ഷോഭം. തലസ്ഥാനമായ മെക്സിക്കോ സിറ്റിയിൽ പ്രക്ഷോഭകരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 120 പേർക്ക് പരിക്കേറ്റു. ഇതിൽ 100 പേരും പൊലീസുകാരാണ്. രാജ്യത്ത് കുറ്റകൃത്യങ്ങൾ പെരുകുന്നതും സർക്കാരിന്റെ അഴിമതിയുമാണ് പ്രക്ഷോഭ കാരണം. മയക്കുമരുന്ന് മാഫിയകൾക്കെതിരെ നിലകൊണ്ട യുവ മേയർ കാർലോസ് മാൻസോയുടെ കൊലപാതകം പ്രക്ഷോഭത്തിന് ആക്കംകൂട്ടി. മീചോവാകാൻ സംസ്ഥാനത്തെ ഉറ്വാപൻ നഗരത്തിലെ മേയറായിരുന്ന കാർലോസിനെ ഈമാസം ഒന്നിനാണ് വെടിവച്ചുകൊന്നത്.
രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലെല്ലാം കഴിഞ്ഞ ദിവസം പ്രതിഷേധങ്ങൾ അരങ്ങേറിയെങ്കിലും മെക്സിക്കോ സിറ്റിയിലേത് അക്രമാസക്തമാവുകയായിരുന്നു. മുഖംമൂടി ധരിച്ച ഒരു സംഘം പ്രക്ഷോഭകർ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ നാഷണൽ പാലസിന് ചുറ്റുമുള്ള ലോഹ വേലികൾ തകർത്ത് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചു.
ഇതോടെ പൊലീസ് കണ്ണീർവാതകം അടക്കം പ്രയോഗിക്കുകയും ഏറ്റുമുട്ടലിൽ കലാശിക്കുകയുമായിരുന്നു. 20 പേരെ അറസ്റ്റ് ചെയ്തു. രാജ്യത്തെ സുരക്ഷ ഉയർത്തണം, കാർലോസിന്റെ ഘാതകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം തുടങ്ങിയവയാണ് പ്രക്ഷോഭകരുടെ ആവശ്യങ്ങൾ. മയക്കുമരുന്ന് സംഘത്തിൽപ്പെട്ട 17കാരനാണ് കാർലോസിനെ വെടിവച്ചത്. ഇയാളെ പൊലീസ് വെടിവച്ചു കൊന്നിരുന്നു. ഇയാളുടെ സംഘത്തിലെ പ്രധാനികൾ ഇപ്പോഴും കാണാമറയത്താണ്.
# വിമർശിച്ച് ക്ലൗഡിയ
പ്രക്ഷോഭങ്ങൾക്ക് പിന്നിൽ വലതുപക്ഷ രാഷ്ട്രീയ എതിരാളികളാണെന്നും പ്രതിഷേധക്കാർക്ക് അവർ ധനസഹായം നൽകിയെന്നും മെക്‌സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെയ്‌ൻബോം ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |