
ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ തുടരുന്നു. ഓട്ടോ ഡ്രൈവറായ ഹിന്ദു യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് അവശനാക്കിയ ശേഷം കുത്തിക്കൊന്നു. ഫെനി ജില്ലയിലെ ദഗൻഭുയാൻ ഉപസിലയിൽ സമീർ ദാസാണ് (28) കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം സമീറിന്റെ
ഓട്ടോറിക്ഷയുമായാണ് അക്രമികൾ കടന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം. വൈകിയും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണമാരംഭിച്ചിരുന്നു. തിങ്കളാഴ്ച ജഗത്പൂർ ഗ്രാമത്തിലെ കൃഷിയിടത്തിൽ സമീറിന്റെ മൃതദേഹം കണ്ടെത്തി. പ്രദശവാസികൾ വിവരം അറിയിച്ചതോടെ പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആസൂത്രണം ചെയ്ത കൊലപാതകമാണെന്നും നാടൻ ആയുധങ്ങൾ ഉപയോഗിച്ചാണ് സമീറിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. പ്രതികളെ ഉടൻ പിടികൂടും. മൃതദേഹത്തിൽ നിരവധി മുറിവുകളുണ്ട്. ഓട്ടോറിക്ഷ മോഷ്ടിച്ചെന്നും പൊലീസ് അറിയിച്ചു.
24 ദിവസത്തിനുള്ളിൽ ഒൻപതാമത്തെ കൊലപാതകമാണിത്. വർധിച്ചു വരുന്ന മതവിവേചനത്തിനെതിരെ മനുഷ്യാവകാശ സംഘടനയായ ബംഗ്ലദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ രംഗത്തെത്തി. രാജ്യത്തുടനീളം ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിൽ സംഘടന കടുത്ത ആശങ്കയാണ് പ്രകടിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |