
ടെൽ അവീവ്: ഗാസയുടെ സ്ഥിരതയും പുനർനിർമ്മാണവും ലക്ഷ്യമിട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചെയർമാനായി രൂപീകരിച്ച 'സമാധാന ബോർഡി "നെതിരെ (ബോർഡ് ഒഫ് പീസ്) ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത്.
ബോർഡിലെ അംഗങ്ങളെ നിയമിച്ചതിൽ ഇസ്രയേലുമായി ഏകോപനമുണ്ടായിട്ടില്ലെന്നും ഇസ്രയേലിന്റെ നയങ്ങൾക്ക് വിരുദ്ധമാണെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രംപിന്റെ മരുമകൻ ജറേഡ് കുഷ്‌നർ, ലോക ബാങ്ക് പ്രസിഡന്റും ഇന്ത്യൻ - അമേരിക്കൻ വംശജനുമായ അജയ് ബാംഗ തുടങ്ങിവരാണ് ബോർഡിലെ അംഗങ്ങൾ.
60ഓളം ലോക നേതാക്കളെ ബോർഡിലെ അംഗമാകാൻ ട്രംപ് ക്ഷണിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ എതിർപ്പ് അവഗണിച്ചാണ് തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗനെ ക്ഷണിച്ചത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും ട്രംപിന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്.
ഗാസയിലെ വെടിനിറുത്തലിനായി ട്രംപ് ആവിഷ്കരിച്ച സമാധാന പദ്ധതിയിലെ പ്രധാന ഘടകമാണ് ബോർഡ്. ഗാസയുടെ ഇടക്കാല ഭരണം, ഹമാസിന്റെ നിരായുധീകരണം, ഗാസയുടെ പുനർനിർമ്മാണം തുടങ്ങി പദ്ധതിയിലെ രണ്ടാം ഘട്ട നടപടികൾക്ക് ബോർഡ് മേൽനോട്ടം വഹിക്കും. വെടിനിറുത്തൽ കരാറിന്റെ രണ്ടാംഘട്ടം ബുധനാഴ്ച തുടങ്ങിയിരുന്നു. ഒക്ടോബർ 10നാണ് കരാർ പ്രാബല്യത്തിൽ വന്നത്.
യു.എന്നിന് ബദൽ
ഗാസയിലെ സമാധാനം ലക്ഷ്യമിട്ടാണ് രൂപീകരിച്ചതെങ്കിലും, ഐക്യരാഷ്ട്ര സഭയ്ക്ക് (യു.എൻ) ബദലായി സമാധാന ബോർഡിനെ ഉയർത്തിക്കൊണ്ടു വരാനാണ് ട്രംപിന്റെ ലക്ഷ്യം. ആഗോള സംഘർഷങ്ങൾ പരിഹരിക്കാനുള്ള സ്ഥിരം സ്ഥാപനമായി ബോർഡ് പ്രവർത്തിക്കുമെന്ന് ബോർഡിന്റെ കരട് ചാർട്ടറിൽ നിർവചിക്കുന്നു. യു.എൻ ചാർട്ടറിന്റെ അടിസ്ഥാനങ്ങളെ അവഗണിക്കുന്ന 'ട്രംപിന്റെ ഐക്യരാഷ്ട്ര സഭ" ആണ് സമാധാന ബോർഡ് എന്ന് ആരോപിക്കപ്പെടുന്നു.
100 കോടി ഡോളറിന് സ്ഥിരാംഗത്വം
ബോർഡിൽ സ്ഥിരാംഗത്വം ആഗ്രഹിക്കുന്ന രാജ്യങ്ങൾ 100 കോടി ഡോളർ ഒരു വർഷത്തിനുള്ളിൽ സംഭാവന നൽകണം. തുക ബോർഡിന്റെ പ്രവർത്തനങ്ങൾക്കാണ്. തുക നൽകാത്ത അംഗ രാജ്യങ്ങളുടെ കാലാവധി മൂന്ന് വർഷം ആയിരിക്കും.
ഇന്ത്യയ്ക്ക് ക്ഷണം
സമാധാന ബോർഡിലേക്ക് ഇന്ത്യയെയും ട്രംപ് ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |