
വാഷിംഗ്ടൺ: ഇറാനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന സെെനിക നീക്കത്തിന് അമേരിക്കൻ സെനറ്റിന്റെ പിന്തുണ. ഇറാനിലെ വ്യോമാക്രമണം തടയാനും യുദ്ധത്തിന് കോൺഗ്രസിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കാനും ലക്ഷ്യമിട്ട് അവതരിപ്പിക്കപ്പെട്ട ഉഭയകക്ഷി പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. ഇതോടെ തടസങ്ങളില്ലാതെ ഇറാനിൽ സെെനിക നടപടികളുമായി മുന്നോട്ട് പോകാൻ ട്രംപിന് അനുമതി ലഭിച്ചു.
100 അംഗസെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 53ന് എതിരെ 47 വോട്ടുകൾക്കാണ് പ്രമേയം പരാജയപ്പെട്ടത്. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ ട്രംപിന്റെ യുദ്ധനയത്തിന് അനുകൂലമായ നിലപാടാണ് ഭൂരിഭാഗം അംഗങ്ങളും സ്വീകരിച്ചത്. മേഖലയിലെ സമാധാനത്തിന് ഇറാൻ ഭീഷണിയാണെന്നും സെെനിക നടപടി അനിവാര്യമാണെന്നുമുള്ള ട്രംപിന്റെ വാദം സെനറ്റ് അഗീകരിക്കുകയായിരുന്നു.
അതേസമയം, യുഎസും ഇസ്രയേലും ഇറാനിൽ ആക്രമണം തുടരുകയാണ്. ടെഹ്റാനിലെ സെെനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം ആരംഭിച്ചതായി ഇസ്രയേൽ സെെന്യം വ്യക്തമാക്കി. സംഘർഷത്തിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,000 കടന്നു. നിരവധി സുരക്ഷാ കേന്ദ്രങ്ങൾ ഇസ്രയേൽ തകർത്തു. ഗൾഫ് രാജ്യങ്ങളിലെ യു.എസ്, ഇസ്രയേലി കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ തിരിച്ചടി തുടരുന്നു.
സൗദി അറേബ്യയിലെ റാസ് ടനൗറയിൽ അരാംകോയുടെ എണ്ണ ശുദ്ധീകരണ ശാലയ്ക്കുനേരെ വീണ്ടും ഡ്രോൺ ആക്രമണമുണ്ടായി. യുഎഇയെ ലക്ഷ്യമാക്കിയ ഡ്രോണുകളെ ഫ്രാൻസിന്റെ റാഫേൽ യുദ്ധവിമാനങ്ങൾ തകർത്തു. ദുബായിലെ യുഎസ് കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ചു. തുർക്കിയെ ലക്ഷ്യമാക്കിയ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ നാറ്റോയുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തു. ആക്രമണശ്രമത്തെ നാറ്റോ ശക്തമായി അപലപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |