SignIn
Kerala Kaumudi Online
Thursday, 05 March 2026 9.29 AM IST

ഹോർമുസിൽ പോർമുഖം തുറന്ന് ഇറാൻ  എണ്ണ കപ്പലുകൾക്ക് അകമ്പടി നൽകുമെന്ന് യു.എസ്

Increase Font Size Decrease Font Size Print Page
pic

ടെൽ അവീവ്: വിട്ടുവീഴ്ചയില്ലാതെ യു.എസ്-ഇസ്രയേൽ സഖ്യവും മുട്ടുമടക്കാതെ ഇറാനും പരസ്പരം പോരാട്ടം തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ പുതിയ പോർമുഖം തുറന്നു. ആവശ്യമെങ്കിൽ ഹോർമുസ് വഴി എണ്ണയും വാതകവും കൊണ്ടുപോകുന്ന കപ്പലുകൾക്ക് അമേരിക്കൻ നാവിക സേന അകമ്പടി നൽകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.

സംഘർഷ പശ്ചാത്തലത്തിൽ പേർഷ്യൻ ഉൾക്കടലിലെ കപ്പലുകൾക്ക് റിസ്ക് ഇൻഷ്വറൻസും സാമ്പത്തിക ഗ്യാരന്റികളും നൽകാൻ യു.എസ് ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷനോട് ട്രംപ് നിർദ്ദേശിക്കുകയും ചെയ്തു. ലോകത്ത് സ്വതന്ത്രമായ ഊർജ്ജ ഒഴുക്ക് യു.എസ് ഉറപ്പാക്കുമെന്നും പറഞ്ഞു. ഹോർമുസ് കടക്കാൻ ശ്രമിക്കുന്ന കപ്പലുകളെ കത്തിക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് യു.എസിന്റെ നീക്കം. പ്രതിസന്ധികൾ ആഗോള ഊർജ്ജ വിപണിയെ സാരമായി ബാധിച്ചിരിക്കുകയാണ്. ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. അതേസമയം,ഹോർമുസിന്റെ പൂർണ നിയന്ത്രണം തങ്ങളുടെ കൈകളിലാണെന്നും മറികടക്കാൻ ശ്രമിച്ചാൽ ആക്രമണമുണ്ടാകുമെന്നും റെവല്യൂഷണറി ഗാർഡ് ഭീഷണി ആവർത്തിച്ചു.

യു.എസ്-ഇസ്രയേൽ ആക്രമണം തുടങ്ങിയ ശനിയാഴ്ച റെവല്യൂഷണി ഗാർഡ് ഹോർമുസ് അടച്ചിരുന്നു. കപ്പലുകൾ ഹോർമുസ് കടക്കരുതെന്ന് റേഡിയോ സന്ദേശങ്ങൾ നൽകുകയായിരുന്നു. ചില കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണവുമുണ്ടായി. തുടർന്ന് കടലിടുക്ക് അടച്ചെന്നും മറികടക്കാൻ ശ്രമിച്ചാൽ തകർക്കുമെന്നും കഴിഞ്ഞ ദിവസം ദേശീയ ടെലിവിഷനിലൂടെ റെവല്യൂഷണി ഗാർഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ലോകത്തെ എണ്ണ കയറ്റുമതിയുടെ 20 ശതമാനം കടന്നുപോകുന്നത് ഹോർമുസിലൂടെയാണ്.


# വീണ്ടും

ആക്രമണം

ഹോർമുസ് കടലിടുക്കിന് സമീപം മാൾട്ട പതാക വഹിക്കുന്ന സഫീൻ പ്രെസ്റ്റീജ് എന്ന ചരക്കു കപ്പലിന് നേരെ ഇന്നലെ മിസൈലാക്രമണമുണ്ടായി. ഒമാന് വടക്ക് 2 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം. കപ്പലിൽ തീപിടിത്തമുണ്ടായി. 24 ജീവനക്കാരെയും ഒമാൻ രക്ഷപെടുത്തി. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.


# ഫ്രാൻസ്

വിമാനവാഹിനി

വിന്യസിക്കും

ഫ്രാൻസിന്റെ വിമാനവാഹിനി കപ്പലായ 'ഷാൾ ഡ ഗോളി'നെ മെഡിറ്ററേനിയൻ കടലിൽ വിന്യസിക്കും. ഹോർമുസ് കടലിടുക്ക് അടച്ചതിനാലും സൂയസ് കനാൽ, ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതത്തിന് ഭീഷണിയുള്ളതിനാലുമാണ് നീക്കമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.

# വിസാ കാലാവധി നീട്ടി

സംഘർഷ പശ്ചാത്തലത്തിൽ കുവൈറ്റ് എല്ലാ എൻട്രി, വിസിറ്റർ വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് നീട്ടി. ഫെബ്രുവരി 28നോ അതിന് ശേഷമോ കാലാവധി അവസാനിക്കുന്ന വിസകൾക്കാണ് ബാധകം. താമസ പെർമിറ്റുള്ള പ്രവാസികൾക്ക് മടങ്ങിയെത്താൻ മൂന്ന് മാസത്തെ കാലാവധിയും അനുവദിച്ചു.

# ഖമനേയിയുടെ

സംസ്കാരം: മാറ്റി

കൊല്ലപ്പെട്ട പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ സംസ്കാരത്തിന് മുന്നോടിയായുള്ള മൂന്ന് ദിവസം നീളുന്ന പ്രാർത്ഥനാ ചടങ്ങുകൾ ഇന്നലെ ടെഹ്റാനിലെ ഇമാം ഖൊമേനി മൊസല്ലയിൽ ആരംഭിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഖമനേയിയുടെ സംസ്കാരം ജന്മനാടായ മഷാദിൽ നടത്തിയേക്കുമെന്നാണ് സൂചന.


# പരിഹാരം ബോംബ് കൊണ്ടല്ല: സ്പെയിൻ

ആഗോള പ്രശ്നങ്ങൾ യുദ്ധം കൊണ്ടോ ബോംബുകളാലോ പരിഹരിക്കാൻ കഴിയില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. ഇറാനിൽ യു.എസും ഇസ്രയേലും നടത്തിയ ആക്രമണങ്ങളെയും ഖമനേയി വധത്തെയും അംഗീകരിക്കാനാകില്ലെന്ന് സാഞ്ചസ് വ്യക്തമാക്കിയിരുന്നു. ഇറാനെതിരെയുള്ള ആക്രമണങ്ങൾക്ക് സ്പാനിഷ് സൈനിക ബേസുകൾ ഉപയോഗിക്കാൻ യു.എസിനെ അനുവദിക്കില്ലെന്നും സാഞ്ചസ് നിലപാടെടുത്തിരുന്നു. ഇതോടെ സ്പെയിനുമായുള്ള എല്ലാ വ്യാപാരവും വിച്ഛേദിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. സമ്മർദ്ദങ്ങൾക്ക് വഴങ്ങി നിലപാട് മാറ്റില്ലെന്ന് സാഞ്ചസ് വ്യക്തമാക്കി.

-------------------------------

ശമനമില്ലാതെ ആക്രമണങ്ങൾ

 ലെബനനിൽ ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രയേൽ ആക്രമണം തുടരുന്നു. ബെയ്റൂട്ടിൽ ജനവാസ കെട്ടിടങ്ങളും ഹോട്ടലും തകർന്നു. ലെബനീസ് അതിർത്തിയുടെ പടിഞ്ഞാറൻ മേഖലയിലേക്ക് ഇസ്രയേൽ സൈനികരെ വിന്യസിച്ചു. ബെയ്റൂട്ടിലെ യു.എസ് എംബസി അടച്ചു. തെക്കൻ ലെബനനിൽ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 65,000 ആയി.

 ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഇന്നലെയും നിരവധി സ്ഫോടനങ്ങൾ. ഇസ്ഫഹാൻ പ്രവിശ്യയിൽ 5 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച മുതൽ ഇറാനിൽ തകർക്കപ്പെട്ടത് 8 ആശുപത്രികൾ. ടെഹ്റാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തിൽ ആക്രമണം. നിറുത്തിയിട്ടിരുന്ന യാത്രാവിമാനം തകർന്നു.

 ഇറാക്കിലെ ബാഗ്ദാദ് വിമാനത്താവളത്തെ ലക്ഷ്യമാക്കിയ ഡ്രോണുകൾ തകർത്തു. യു.എസ് നയതന്ത്ര കേന്ദ്രം വിമാനത്താവള പരിസരത്തുണ്ട്. ബാഗ്ദാദിലെ യു.എസ് എംബസിയുടെ ലോജിസ്റ്റിക്സ് സപ്പോർട്ട് കേന്ദ്രത്തിന് നേരെ ആക്രമണം. ആളപായമില്ല

 സൗദി അറേബ്യയിലെ റിയാദിലുള്ള യു.എസ് എംബസി പരിസരത്തെ സി.ഐ.എ സ്റ്റേഷന് ഡ്രോൺ ആക്രമണത്തിൽ കേടുപാട്

 ഇസ്രയേലിലെ ബെയ്റ്റ് ഷെമേഷിൽ ഇറാൻ മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചു. ആളപായമില്ല. വടക്കൻ ഇസ്രയേലിലെ മെതുലയിൽ സൈനികർക്ക് നേരെ ഹിസ്ബുള്ള റോക്കറ്റാക്രമണം. ആളപായമുണ്ടോ എന്ന് വ്യക്തമല്ല

 കുവൈറ്റിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ മിസൈൽ അവശിഷ്ടം പതിച്ച് ചികിത്സയിലിരുന്ന 11കാരിയാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി

 യു.എ.ഇയിൽ ഫുജൈറയ്ക്ക് കിഴക്ക് 7 നോട്ടിക്കൽ മൈൽ അകലെ കപ്പലിൽ ആക്രമണം. ജീവനക്കാർ സുരക്ഷിതർ

-------------------------------

മരണം

 ഇറാൻ - 1,097

 ഇസ്രയേൽ - 12

 യു.എ.ഇ - 3

 കുവൈറ്റ് - 3

 ബഹ്റൈൻ - 2

 ഒമാൻ - 4

 സിറിയ - 5

 ലെബനൻ - 72

 ഇറാക്ക് - 4

 യു.എസ് സൈനികർ - 6

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.