
ലണ്ടൻ: ഗ്രീൻലൻഡിന്റെ പേരിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടരുന്ന ഭീഷണികൾക്കെതിരെ യൂറോപ്യൻ രാജ്യങ്ങൾ രംഗത്ത്. ഗ്രീൻലൻഡിലും, ദ്വീപിന്റെ നിയന്ത്രണമുള്ള ഡെൻമാർക്കിലും ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഗ്രീൻലൻഡിന്റെ പേരിൽ തങ്ങൾക്കെതിരെ പ്രഖ്യാപിച്ച തീരുവയെ യു.കെ അടക്കം എട്ട് യൂറോപ്യൻ രാജ്യങ്ങൾ സംയുക്തമായി അപലപിച്ചു. ട്രംപിന്റെ നീക്കം അപകടകരമാണെന്നും ചൂണ്ടിക്കാട്ടി.
യു.എസ് തീരുവയെ ചെറുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം. ഇതിനായി യൂറോപ്യൻ യൂണിയൻ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ട്രംപിന്റെ ഭീഷണിക്ക് മറുപടിയായി യു.എസുമായുള്ള വ്യാപാര കരാർ നടപടികൾ യൂറോപ്യൻ യൂണിയൻ നിറുത്തിവച്ചു.
ഗ്രീൻലൻഡിനെ സ്വന്തമാക്കാനുള്ള തങ്ങളുടെ പദ്ധതിയെ എതിർക്കുന്നതിന്റെ പേരിൽ യു.കെ, ഡെൻമാർക്ക്, ജർമ്മനി, ഫ്രാൻസ്, ഫിൻലൻഡ്, നെതർലൻഡ്സ്, നോർവേ, സ്വീഡൻ എന്നീ രാജ്യങ്ങൾക്ക് ഫെബ്രുവരി 1 മുതൽ 10 ശതമാനം അധിക തീരുവ ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ജൂൺ 1ന് തീരുവ 25 ശതമാനമായി ഉയർത്തുമെന്നും ഗ്രീൻലൻഡ് വാങ്ങാനുള്ള കരാറിൽ യു.എസ് എത്തും വരെ ഇത് തുടരുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഗ്രീൻലൻഡിന്റെ നിയന്ത്രണം യു.എസിന്റെ ദേശീയ സുരക്ഷയ്ക്ക് അനിവാര്യമാണെന്നും ട്രംപ് വാദിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |