SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.18 PM IST

വാഷിംഗ്ടൺ പോസ്‌റ്റിൽ കൂട്ടപ്പിരിച്ചുവിടൽ  ജോലി നഷ്‌ടമായവരിൽ തരൂരിന്റെ മകനും

Increase Font Size Decrease Font Size Print Page
pic

വാഷിംഗ്ടൺ: അമേരിക്കൻ ദിനപ്പത്രമായ വാഷിംഗ്ടൺ പോസ്റ്റിൽ കൂട്ടപ്പിരിച്ചുവിടൽ. ആകെ ജീവനക്കാരിൽ മൂന്നിലൊന്ന് പേരെ (300ലേറെ) കമ്പനി പിരിച്ചുവിട്ടു. കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ മകൻ ഇഷാൻ തരൂർ അടക്കം മുൻനിര കോളമിസ്റ്റുകളും ബ്യൂറോ ചീഫുമാരും റിപ്പോർട്ടർമാരും ഇതിൽപ്പെടുന്നു. സാമ്പത്തിക നഷ്ടവും സബ്‌സ്‌ക്രൈബർമാരുടെ എണ്ണത്തിലെ ഇടിവുമാണ് പിരിച്ചുവിടലിന് കാരണം. പ്രതിസന്ധിയെ മറികടക്കാനുള്ള പുനഃസജ്ജീകരണമെന്നാണ് നടപടിയെ എക്സിക്യൂട്ടീവ് എഡിറ്റർ മാറ്റ് മുറേ വിശേഷിപ്പിച്ചത്.

പിരിച്ചുവിട്ട ജീവനക്കാർക്ക് ഏപ്രിൽ 10 വരെ മുഴുവൻ ശമ്പളവും ലഭിക്കും. പിരിച്ചുവിടലിന്റെ നഷ്ടപരിഹാരമായി കുറഞ്ഞത് നാല് ആഴ്ചത്തെ ശമ്പളം ഏപ്രിൽ 10ന് ശേഷവും നൽകും. മൂന്നോ അതിൽ കൂടുതലോ വർഷം പ്രവർത്തിപരചയമുള്ളവർക്ക്,ജോലി ചെയ്ത ഓരോ വർഷത്തിനും രണ്ട് ആഴ്ചത്തെ വീതം ശമ്പളം നൽകാനും തീരുമാനിച്ചു. അതേസമയം,പാക്കേജിന്റെ അന്തിമ നിബന്ധനകളിൽ യൂണിയനുകളുമായി ചർച്ച തുടരുകയാണ്.

1877ൽ സ്ഥാപിതമായ വാഷിംഗ്ടൺ പോസ്റ്റ് നിലവിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ നാഷ് ഹോൾഡിംഗ്സിന്റെ ഉടമസ്ഥതയിലാണുള്ളത്. കൂട്ടപ്പിരിച്ചുവിടൽ സ്ഥാപനത്തിലെ എല്ലാ വിഭാഗങ്ങളെയും ബാധിച്ചു. സ്‌പോർട്‌സ് ഡെസ്ക്,പുസ്തക വിഭാഗം എന്നിവയുടെയും പ്രതിദിന പോഡ്കാസ്റ്റിന്റെയും പ്രവർത്തനം നിലച്ചു. ജെറുസലേം,യുക്രെയിൻ തുടങ്ങി വിദേശ ബ്യൂറോകൾ അടച്ചു. അമേരിക്കൻ രാഷ്ട്രീയത്തിലും ബിസിനസ്,ആരോഗ്യം തുടങ്ങിയ മേഖലകളിലും ശ്രദ്ധകേന്ദ്രീകരിക്കാനാണ് കമ്പനിയുടെ തീരുമാനം.

സബ്‌സ്‌ക്രൈബർമാർ

ഇടിഞ്ഞു

2024ലെ യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസിനെ പിന്തുണയ്ക്കാനുള്ള തീരുമാനം വാഷിംഗ്ടൺ പോസ്റ്റ് ഉപേക്ഷിച്ച പിന്നാലെ, 2,50,000 ലേറെ ഡിജിറ്റൽ സബ്‌സ്‌ക്രൈബർമാരെയാണ് നഷ്ടമായത്. പ്രിന്റ് വായനക്കാരിലും അര നൂറ്റാണ്ടിനിടെ ഇടിവുണ്ടായി.

യുക്രെയിനിലെ യുദ്ധമേഖലയിൽ ജോലി ചെയ്യവെയാണ് തന്നെ പിരിച്ചുവിട്ട വിവരം വിദേശ കറസ്‌പോണ്ടന്റായ ലിസി ജോൺസൺ അറിഞ്ഞത്. ന്യൂഡൽഹി ബ്യൂറോ ചീഫ് പ്രാൻഷു വർമ്മ,പുലിറ്റ്‌സർ ജേതാവ് മരീസ ജെ. ലാംഗ് തുടങ്ങിയവർക്കും ജോലി നഷ്ടമായി.


വിചിത്രമെന്ന് തരൂർ

വിദേശ കാര്യങ്ങളിൽ വിദഗ്ദ്ധനായിരുന്ന മകൻ ഇഷാൻ തരൂരിനെ പിരിച്ചുവിട്ട നടപടി വിചിത്രമെന്ന് ശശി തരൂർ. മുതിർന്ന വിദേശകാര്യ കോളമിസ്റ്റായിരുന്ന ഇഷാൻ 'വേൾഡ് വ്യൂ" എന്ന കോളം എഴുതിയിരുന്നു. മകന്റെ കോളം ഇന്റർനെറ്റിൽ വൻതോതിൽ വളർന്നിരുന്നെന്നും വേൾഡ് വ്യൂ ന്യൂസ്‌ലെറ്ററിന് മാത്രം അഞ്ചു ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബർമാരുണ്ടെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY