
ഒട്ടാവ:കാനഡയിൽ ഇന്ത്യൻ ടെക്കിയെ വെടിവച്ചുകൊന്നു.ബെംഗളൂരു നെലാമംഗലയിലെ ത്യാമഗോണ്ട്ലു സ്വദേശി ചന്ദൻ കുമാർ രാജയാണ് (37) കൊല്ലപ്പെട്ടത്.ശനിയാഴ്ച വൈകിട്ട് 3.30 ഓടെയാണ് സംഭവം.റെക്സാഡേൽ ബോളിവാർഡിലെ ദേശീയപാത 27 ലുള്ള ഒരു ഷോപ്പിംഗ് മാളിന്റെ പാർക്കിംഗിൽ വെച്ച് അജ്ഞാതർ ചന്ദൻ കുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു.ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അക്രമി രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം തുടങ്ങി.ചന്ദന്റെ എസ്‌യുവി കാറിന്റെ മുൻഭാഗത്ത് 10 വെടിയുണ്ടകൾ തുളച്ചുകയറിയ പാടുകളുണ്ട്. ഡ്രൈവറുടെ ഭാഗത്തെ ഗ്ലാസ് പൂർണ്ണമായും തകർന്നിട്ടുണ്ട്. ഈ വർഷം ടൊറന്റോയിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്.
ചന്ദൻ കഴിഞ്ഞ ഒമ്പത് വർഷമായി കാനഡയിലാണ്. ത്യമഗൊണ്ട്ലു സ്വദേശിയും റിട്ട. അധ്യാപകനുമായ നന്ദകുമാറിന്റെയും ഷൈലജയുടെയും ഏക മകനാണ്.കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.ഇതൊരു ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ടൊറന്റോ കന്നഡ സംഘത്തിന്റെ സാമൂഹിക മാധ്യമ കോർഡിനേറ്റർ,ബ്രാംപ്ടണിലെ ഷിർദി സായിബാബ ക്ഷേത്രത്തിന്റെ ഭാരവാഹി,അഖില വിശ്വ ആര്യവൈശ്യ മഹാസഭയുടെ ക്യാനഡ ഘടകം വൈസ് പ്രസിഡന്റ് എന്നീ നിലകളിലും സജീവമായിരുന്നു ചന്ദൻ കുമാർ.
ചന്ദന്റെ അപ്രതീക്ഷിത മരണം ബെംഗളൂരുവിലെ കുടുംബത്തെ തളർത്തിയിരിക്കുകയാണ്. മകനോട് ക്യാനഡയിൽ നിന്ന് തിരികെ വരാൻ ഞങ്ങൾ ഒരുപാട് തവണ പറഞ്ഞെങ്കിലും അവൻ കേട്ടില്ലെന്നാണ് ചന്ദന്റെ അച്ഛൻ നന്ദകുമാർ പ്രതികരിച്ചത്. ചന്ദൻ കുമാർ ടൊറന്റോയിൽ ഒരു കന്നഡ സംഘം തുടങ്ങാൻ മുൻകൈ എടുത്തതാകും കൊലപാതകത്തിലേക്ക് നയിച്ചതെന്ന സംശയമാണ് ചന്ദന്റെ അമ്മ പ്രകടിപ്പിച്ചത്.മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് ചന്ദന്റെ അച്ഛൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |