SignIn
Kerala Kaumudi Online
Saturday, 21 September 2024 4.01 AM IST

'തീലങ്ക' ; മഹിന്ദ ഒഴിഞ്ഞു, ആളിക്കത്തി ജനം, ജനക്കൂട്ടം തെരുവിൽ, മഹിന്ദയുടെ വസതിക്ക് തീയിട്ടു

Increase Font Size Decrease Font Size Print Page
mahinda

 മഹിന്ദയുടെ അനുയായികൾ സമരക്കാരെ ആക്രമിച്ചു

 ജനക്കൂട്ടം തെരുവിൽ, മഹിന്ദയുടെ വസതിക്ക് തീയിട്ടു

 ജനത്തിനു നേർക്കു വെടിവച്ച ഭരണപക്ഷ എം.പിയടക്കം 5 പേർ കൊല്ലപ്പെട്ടു

കൊളംബോ: ജീവിതം വഴിമുട്ടിയവരുടെ പ്രതിഷേധം വകവയ്ക്കാതെ അധികാരക്കസേരയിൽ കടിച്ചുതൂങ്ങിയ ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സ,​ ഒൗദ്യോഗിക വസതി വളഞ്ഞവരെ അനുയായികളെ വിട്ട് അടിച്ചമർത്താൻ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ രാജിവച്ചൊഴിഞ്ഞു. ഇതോടെ രാജ്യമാകെ കലാപം പടർന്നു. അഞ്ചുപേർ കൊല്ലപ്പെട്ടു.

മഹിന്ദയുടെ ഹമ്പൻതോട്ടയിലെ കുടുംബവീടും കുറുനെഗല സിറ്റിയിലെ വസതിയും അഗ്നിക്കിരയാക്കി. മുൻ മന്ത്രിമാരായ ജോൺസ്റ്റൻ ഫെർണാൻഡോ, നാല് എം.പിമാരുടെയും രണ്ട് മേയർമാരുടെയും ഔദ്യോഗിക വസതികൾ തീയിട്ട് നശിപ്പിച്ചു. ഭരണകക്ഷി എം.പിമാരെ വിദ്യാർത്ഥികൾ കൈയേറ്റം ചെയ്തു. പാർട്ടി ഓഫീസുകളും കത്തിച്ചു.

ബസുകളും വാഹനങ്ങളും അഗ്നിക്കിരയാക്കി. സായുധസേന രംഗത്തിറങ്ങി. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുൾപ്പെടെ നൂറ്റിയൻപതോളം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.

വാഹനം തടഞ്ഞ പ്രക്ഷോഭക‌ർക്കുനേരെ വെടിയുതിർത്തശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഭരണപക്ഷ എം.പി അമരകീ‌ർത്തിയെ സമീപത്തെ കെട്ടിടത്തിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടു. ഇയാളുടെ വെടിവയ്പിൽ സാരമായി പരിക്കേറ്റ രണ്ടുപേരും പിന്നീട് മരിച്ചു. അമരകീ‌ർത്തിയെ ജനം തല്ലിക്കൊന്നതാണെന്നും സ്വയം വെടിവച്ച് മരിച്ചതാണെന്നും റിപ്പോർട്ടുണ്ട്.

മഹിന്ദയുടെ ഔദ്യോഗിക വസതിയായ ടെംപിൾ ട്രീസിനു സമീപത്തെ പ്രതിഷേധ വേദിയായ 'മൈനഗോഗാമ'യിൽ നിരായുധരായ സമരക്കാർക്കു നേരെ മഹിന്ദയുടെ അനുയായികൾ ആയുധങ്ങളുമായി ഇരച്ചുകയറുകയായിരുന്നു. പൊലീസ് മനുഷ്യച്ചങ്ങല തീർത്തെങ്കിലും അത് മറികടന്ന് സമരക്കാരെ ആക്രമിച്ചു. കാര്യങ്ങൾ കൈവിട്ടതോടെ മഹിന്ദയുടെ അനുജനായ പ്രസിഡന്റ് ഗോതബയ രാജപക്‌സ രാജ്യമൊട്ടാകെ കർഫ്യൂ പ്രഖ്യാപിച്ചു.

എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി ഇടക്കാല സർക്കാർ രൂപീകരിക്കാനുള്ള നീക്കം ഗോതബയ തുടങ്ങി. ഗോതബയ രാജിവയ്ക്കും വരെ പ്രതിഷേധം തുടരാനാണ് പ്രക്ഷോഭകരുടെ തീരുമാനം. ഇടക്കാല സ‌ർക്കാരിൽ ചേരില്ലെന്ന് പ്രധാന പ്രതിപക്ഷമായ സമഗി ജനബലവേഗയ (എസ്‌.ജെ.ബി) വ്യക്തമാക്കിയിരുന്നു.

കലാപത്തിനിടയാക്കിയത്

മഹിന്ദയുടെ അവസാന അടവ്

അഞ്ചാഴ്ചയ്ക്കിടെ രാജ്യത്ത് രണ്ടാം തവണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും രാജപക്സ സർക്കാരിനെതിരായി. മഹിന്ദ രാജിവയ്ക്കണമെന്ന് പ്രസിഡന്റ് ഗോതബയ വെള്ളിയാഴ്ച പ്രത്യേക യോഗത്തിൽ അഭ്യർത്ഥിച്ചു. സ്വന്തം പാർട്ടിയായ ശ്രീലങ്ക പൊതുജന പെരമുനയും രാജിക്കായി സമ്മർദ്ദം ചെലുത്തി. അവസാന അടവെന്ന നിലയ്ക്ക് അനുയായികളെ ഇറക്കിയുള്ള അടിച്ചമർത്തൽ ശ്രമമാണ് അക്രമാസക്തമായത്. വിവരമറിഞ്ഞെത്തിയ പ്രതിപക്ഷ നേതാവിനെ മഹിന്ദപക്ഷക്കാർ അടിച്ചോടിച്ചു. കൊളംബോയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. അമേരിക്കൻ അംബാസഡറും ഗോതബയയും സംഘർഷത്തെ അപലപിച്ചു. ഇതോടെ മഹിന്ദ രാജി പ്രഖ്യാപിക്കുകയായിരുന്നു.

സമ്പദ്ഘടന തകർന്നു,

വിലക്കയറ്റം കുതിച്ചു

കൊവിഡിൽ ടൂറിസം വരുമാനം നിലച്ചതും ചൈനയിൽ നിന്ന് വാങ്ങിക്കൂട്ടിയ കടവും ശ്രീലങ്കൻ സമ്പദ്ഘടനയെ തകർത്തു. പ്രതിസന്ധിക്ക് പരിഹാരം കാണാൻ ശ്രീലങ്കൻ രൂപയുടെ മൂല്യം സർക്കാർ 36 ശതമാനം കുറച്ചതോടെ പണപ്പെരുപ്പം രൂക്ഷമായി. അവശ്യസാധനവില കുതിച്ചുയർന്നു. ഭക്ഷ്യവസ്തുക്കൾ, ഇന്ധനം, പാചകവാതകം, മരുന്ന് എന്നിവ കിട്ടാതായി. അരിക്കും പാലിനുമൊക്കെ വില നാലിരട്ടി. ഡീസലും മണ്ണെണ്ണയുമില്ലാതെ മീൻപിടിത്തവും നിലച്ചു. അച്ചടിക്കടലാസിന്റെ ക്ഷാമം കാരണം പരീക്ഷകൾ വരെ മാറ്റി. വൈദ്യുതി നിലയങ്ങൾ അടച്ചതോടെ രാജ്യം ഇരുട്ടിലുമായി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS, MAHINDA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.